കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സർവീസ് സഹകരണ ബാങ്കുകൾ. ഗ്രാമീണ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ച് സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ സഹകരണ ബാങ്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാഷ്ട്രീയത്തിന്റേതായ ചില അധിനിവേശങ്ങൾ കേരളത്തിലെ സഹകരണ മേഖലയിൽ കാലങ്ങളായി കരിനിഴൽ വീഴ്ത്തുന്നുണ്ടെങ്കിലും സഹകരണ പ്രസ്ഥാനങ്ങളെ പ്രത്യേകിച്ച് സഹകരണ ബാങ്കുകളെ മാറ്റിനിർത്തിക്കൊണ്ട് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വിലയിരുത്താനാകില്ല. അത്രത്തോളം പ്രാധാന്യം സഹകരണ പ്രസ്ഥാനങ്ങൾക്ക് കേരളത്തിലുണ്ടെന്നർത്ഥം.
രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാനായി കേന്ദ്ര സർക്കാർ സഹകരണ വകുപ്പിന് തന്നെ രൂപം നൽകിയപ്പോൾ അതിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം എല്ലാവർക്കും ബോധ്യമായിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ വളർച്ചയ്ക്ക് ഒരു പ്രധാന പങ്ക് സഹകരണ മേഖലയ്ക്കുണ്ടെന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് സഹകരണ മേഖലക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. അതിനെതിരെ വ്യാപക പ്രതിഷേധവും ചെറുത്തു നിൽപുമാണ് കേരളത്തിൽ നിന്നുണ്ടായത്.
കേരളത്തിലെ സഹകരണ ബാങ്കുകൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കായി നൽകുന്ന പങ്കിനെക്കുറിച്ച് തർക്കമൊന്നുമില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുമ്പോൾ ഏത് രീതിയിലാണ് സഹകരണ ബാങ്കുകൾ സാധാരണക്കാരുടെ പണം കൊള്ളയടിക്കുന്ന കേന്ദ്രമായി മാറുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കരുവന്നൂർ സഹകരണ ബാങ്കിലെ കൊള്ള. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അനുമതിയോടെ പാവപ്പെട്ട നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് ബാങ്ക് ഉദ്യോഗസ്ഥർ കൊള്ളയടിച്ചത്.
പകലന്തിയോളം പണിയെടുത്ത് മിച്ചം പിടിക്കുന്ന കാശ് കുടംബത്തിന്റെ ഭാവി സുരക്ഷക്കായി കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ആയിരക്കണക്കിന് സാധാരണക്കാരായവരുടെ പണമാണ് ഭരണ സമിതിയുടെ അനുമതിയോടെ കൊള്ളയടിക്കപ്പെട്ടത്. ഇത് കണ്ടുപിടിച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ട് ഒരുപാട് മാസങ്ങളായെങ്കിലും നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാനുള്ള യാതൊരു നടപടികളും സംസ്ഥാന സർക്കാരോ സഹകരണ വകുപ്പോ
ഇത് വരെ സ്വീകരിച്ചിട്ടില്ല. അതിനിടയിലാണ് ബാങ്കിൽ 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച ഫിലോമിനയെന്ന നഴ്‌സ് ചികിത്സക്കായി പല തവണ ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തിരിച്ചു കിട്ടാതെ വിദഗ്ധ ചികിത്സ ലഭ്യമാകാതെ കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഇത് വലിയ പ്രതിഷേധം സൃഷ്ടിക്കുകയും ഫിലോമിനയുടെ മൃതശരീരം ബാങ്കിന് മുന്നിൽ പൊതുദർശനത്തിന് വെച്ചുകൊണ്ട് അവരുടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇത് വലിയ വിവാദമാണ് അഴിച്ചു വിട്ടത്.
നിക്ഷേപിച്ച പണം ചികിത്സാവശ്യത്തിന് ചോദിച്ചപ്പോൾ ഇതിനു മുൻപും ബാങ്ക് അധികൃതർ ക്രൂരമായി പെരുമാറിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരിക്കുകയാണ്. ചികിത്സ, സ്ഥലം വാങ്ങൽ, വീട് വെയ്ക്കൽ, മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി മുണ്ട് മുറുക്കിയുടുത്ത പണമാണ് മാന്യതയുടെ മുഖംമൂടിയണിഞ്ഞവർ തട്ടിയെടുത്തത്. ഒന്നോ രണ്ടാ കോടി രൂപയല്ല തട്ടിയത്, മറിച്ച് 312 കോടി രൂപ നിക്ഷേപമുള്ള കരുവന്നൂർ ബാങ്കിൽ നിന്ന് 300 കോടി രൂപയുടെ ക്രമക്കേടും 104 കോടി രൂപയുടെ കൊള്ളയുമാണ് ബാങ്ക് സെക്രട്ടറിയും ബാങ്ക് മാനേജരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഭരണ സമിതിയുടെ മൗനാനുവാദത്തോടെ തട്ടിയെടുത്തതെന്നാണ് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. പണം നഷ്ടമായവർക്ക് പണം തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാരും ബാങ്ക് ഭരണ സമിതിയും പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ ഇതുവരെ ആർക്കും നിക്ഷേപിച്ച പണം വലിയ തോതിലൊന്നും തിരിച്ചു കിട്ടിയിട്ടില്ല. ഈ കൊള്ളയുടെ ഏറ്റവും അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് പണമില്ലാതെ മരണമടഞ്ഞ ഫിലോമിന.
കോടികളുടെ തട്ടിപ്പ് പുറത്തായിട്ടും നിക്ഷേപകരിൽ പലരും ചികിത്സയ്ക്ക് പോലും കാശില്ലാതെ മരണമടഞ്ഞിട്ടും അവർക്ക് എങ്ങനെ പണം മടക്കിക്കൊടുക്കാത്തതിനെപ്പറ്റിയല്ല, മറിച്ച് മരിച്ച ഫിലോമിനയുടെ ബന്ധുക്കളെ ആക്ഷേപിക്കാനാണ് കഴിഞ്ഞ ദിവസം മന്ത്രി ആർ. ബിന്ദു ശ്രമിച്ചത്.
മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയം കളിക്കുകയാണെന്നും ഫിലോമിനക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ കിട്ടുമായിരുന്നില്ലേയെന്നുമാണ് മന്ത്രി ബിന്ദു ചോദിച്ചത്. ഫിലോമിനയെ എവിടെ ചികിത്സിക്കണമെന്ന് മന്ത്രിയല്ല, അവരുടെ ബന്ധുക്കളാണ് തീരുമാനിക്കേണ്ടത്. ചികിത്സക്കായി സർക്കാരിന്റെ സഹായമല്ല, മറിച്ച് നിക്ഷേപിച്ച 30 ലക്ഷത്തോളം രൂപയാണ് അവർ തിരിച്ചു ചോദിച്ചത്. ഇത് കൊടുക്കേണ്ട പൂർണ ഉത്തരവാദിത്തം ബാങ്കിനുണ്ടായിരിക്കേ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ മന്ത്രി വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. മരിച്ചവരെ ആക്ഷേപിക്കുന്നതിന് പകരം നിക്ഷേപകരുടെ പണം തിരിച്ചു നൽകാനുള്ള കാര്യങ്ങളാണ് സംസ്ഥാന സർക്കാരും സഹകരണ വകുപ്പും ചെയ്യേണ്ടത്.
സഹകരണ മേഖലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ കാര്യങ്ങൾ നടക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കരുവന്നൂർ സഹകരണ ബാങ്കിലെ ബാങ്ക് കൊള്ള. സംസ്ഥാനത്ത് ഇനിയും എത്ര സഹകരണ ബാങ്കുകളിൽ ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ഉത്തരവാദിത്തമാണ്. അതിനു പറ്റുന്നില്ലെങ്കിൽ കേന്ദ്ര സഹകരണ വകുപ്പിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇടപെടലിനെ ഒരു കാരണവശാലും കുറ്റം പറയാനാകില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂവെന്നാണ് മുഖ്യമന്ത്രി ഇടയ്ക്കിടെ പറയാറുള്ളത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വളരെ സുതാര്യതയോടെയാണ് പ്രവർത്തിക്കുന്നതെങ്കിൽ കേന്ദ്രത്തെ പേടിക്കേണ്ട യാതൊരു കാര്യവുമില്ല. നാലു പതിറ്റാണ്ടിലേറെയായി സി.പി.എം ഭരിക്കുന്ന ബാങ്കിൽ കഴിഞ്ഞ പത്തു വർഷമായി തട്ടിപ്പു തുടരുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയത്. അതിന് ഉത്തരം പറയേണ്ട ബാധ്യത സി.പി.എമ്മിനു തന്നെയാണ്.
തട്ടിപ്പു നടത്തിയവർക്കെതിരെയുള്ള കേസുകളിലെ തുടർനടപടികൾ പോലും നിർജീവമായ അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം. തട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി അത് വിൽപന നടത്തി ലഭിക്കുന്ന പണം നിക്ഷേപകർക്ക് തിരിച്ചു നൽകുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ ഒരു ചെറിയ വിഭാഗം നിക്ഷേപകരുടെയെങ്കിലും പണം തിരിച്ചു നൽകാൻ സാധിക്കുന്ന സ്ഥിതിയുണ്ടാകും.
സഹകരണ ബാങ്കുകളെ രാഷ്ട്രീയ താൽപര്യം മുൻനിർത്തി അഴിച്ചു വിടുന്നതാണ് ഇത്തരം തട്ടിപ്പുകൾക്കെല്ലാം കാരണം. അതിന് അറുതി വരുത്താതെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാരും റിസർവ് ബാങ്കുമെല്ലാം ഇടപെടുന്നുവെന്ന് പറഞ്ഞ് ബഹളം വെച്ചിട്ട് യാതൊരു കാര്യവുമില്ല. അതിന് ജനങ്ങളുടെ പിന്തുണ ലഭിക്കില്ല.