എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസ് എഴുതുന്നു
മലയാളം ന്യൂസ് ദിനപത്രം ഇന്ന് ഇരുപതാം വയസ്സിലേക്ക് പദമൂന്നുകയാണ്. ഒരു പത്രത്തെ സംബന്ധിച്ച് ഹ്രസ്വമെങ്കിലും, വിജയങ്ങളും നേട്ടങ്ങളും ആവേശവും നിറഞ്ഞതായിരുന്നു ഈ യാത്ര.
മറ്റേതൊരു പത്രത്തേക്കാളും വ്യത്യസ്തമായ ഒന്ന് എന്നതായിരുന്നു ആദ്യ ദിനം മുതൽ ഞങ്ങളുടെ ലക്ഷ്യം. അത് കൈവരിക്കുന്നതിൽ വിജയിച്ചതിന് പ്രധാന കാരണം ഞങ്ങളുടെ വായനക്കാരാണ്. വിശ്വസ്തരും എപ്പോഴും പിന്തുണച്ച് ഒപ്പം നിന്നവരുമാണ് അവർ. മറ്റേതൊരു വ്യവസായത്തെയും പോലെ കാലാനുസൃതമായ മാറ്റങ്ങളെ ഞങ്ങൾക്കും ഉൾക്കൊള്ളേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം വായനക്കാരോട് സത്യസന്ധമായി നിലകൊള്ളാൻ ഞങ്ങൾക്കായി.
മാറ്റങ്ങളുടെ തുടർപ്രക്രിയ പോലെ കഴിഞ്ഞ വർഷം ഞങ്ങൾ വെബ് എഡിഷൻ ആരംഭിച്ചു. വൈകാതെ തന്നെ മൊബൈൽ ആപ്പും പ്രയോഗത്തിലെത്തും. വെബിലൂടെ വാർത്താലോകത്ത് ലൈവ് ആയതോടെ, ഗൾഫ് രാജ്യങ്ങൾക്കപ്പുറം ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും മലയാളം ന്യൂസിന് വായനക്കാരേറി. മലയാളികൾ എവിടെയുമുണ്ട് എന്നതിന്റെ നിദർശനമാണ് ഞങ്ങളുടെ വെബ് എഡിഷന് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സ്വീകാര്യത.
തുടക്കം മുതലുള്ള സ്റ്റാഫംഗങ്ങളിൽ മിക്കവരും ഇപ്പോഴും മലയാളം ന്യൂസിനൊപ്പമുണ്ട്. ചിലരൊക്കെ വിട്ടുപോയി. 2012 ൽ വിരമിച്ച ഞങ്ങളുടെ പ്രഥമ പത്രാധിപർ ഫാറൂഖ് ലുഖ്മാനെ ഇത്തരുണത്തിൽ സ്മരിക്കുന്നു. ഈ ലോകത്തോട് വിട പറഞ്ഞ ഞങ്ങളുടെ മുൻ കേരള ബ്യൂറോ ചീഫ് എ. ഷംസുദ്ദീനെയും ഓർക്കുന്നു.
മലയാളം ന്യൂസിന്റെ പ്രയാണത്തിൽ ഞങ്ങളോടൊപ്പം ചേർന്ന എല്ലാവരും, ഇന്ത്യക്ക് പുറത്ത് ആദ്യമായി പ്രസിദ്ധീകൃതമായ മലയാളം പത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നവരാണ്. ആദ്യ ദിനം മുതൽ ഞങ്ങളോടൊപ്പം ചേർന്നു നടക്കുന്ന പ്രിയപ്പെട്ട വായനക്കാർ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. അവരുടെ കുടുംബത്തിന്റെ ഭാഗമായി മാറാൻ മലയാളം ന്യൂസിന് കഴിഞ്ഞിട്ടുണ്ട്. അവരിൽ ചിലർ ഇപ്പോഴും മലയാളം ന്യൂസിന്റെ ആദ്യകാല കോപ്പികൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്നതു തന്നെ അവരുടെ സ്‌നേഹത്തിന്റെ ആഴമാണ് കാണിക്കുന്നത്.