തിരുവനന്തപുരം-കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്‌സ് വൈറസിന് തീവ്ര വ്യാപനശേഷിയില്ല എന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്‌സിന് കാരണം എ. 2 വൈറസ് വകഭേദമാണ് എന്നാണ് ജിനോം സീക്വൻസ് പഠനം പറയുന്നത്. എ. 2 വൈറസ് വകഭേദത്തിന് പൊതുവെ വ്യാപനശേഷി കുറവാണ്. രാജ്യത്ത് ഇതുവരെ നാല് മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ മൂന്നെണ്ണവും കേരളത്തിലാണ്. കൊല്ലം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് രോഗബാധ സ്ഥിരീകിരിച്ചിട്ടുള്ളത്. ഇവർ മൂന്ന് പേരും വിദേശയാത്രാ പശ്ചാത്തലമുള്ളവരാണ്. ഗൾഫിൽ നിന്നെത്തിയ ഇവർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.തുടർന്ന് ചികിത്സ തേടുകയായിരുന്നു. അതേസമയം ദൽഹിയിലാണ് രാജ്യത്തെ നാലാമത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാൾക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. അതിനിടെ മലപ്പുറം സ്വദേശിയായ യുവാവിനെ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇയാൾ രണ്ടാഴ്ച മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.