ന്യൂദല്‍ഹി- നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ഒരു തവണ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ ഭാര്യക്കും, അതിജീവിതക്കുമെതിരെ രൂക്ഷമായ വിമര്‍ശമാണ് കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ അതിജീവിത, അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍ എന്നിവര്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയില്‍ ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയതെന്നും തന്നോട് ഇവര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ടെന്നും ഹരജിയിലുണ്ട്. തന്റെ മുന്‍ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍പ്പെടുത്തിയതിന് ഉത്തരവാദിയാണെന്ന് ദിലീപ് ഹരജിയില്‍ പറയുന്നു.
തുടരന്വേഷണം എന്ന പേരില്‍ നടക്കുന്നത് തനിക്കെതിരേയുള്ള മാധ്യമ വിചാരണയാണ്. തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അതിജീവിത നല്‍കിയ അഭിമുഖത്തെയും ദിലീപ് ഹരജിയില്‍ വിമര്‍ശിക്കുന്നുണ്ട്. അതിജീവിതക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പതിവായി എത്തി വാദിക്കുന്ന അഭിഭാഷകനെ ഈ കേസിന്റെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിച്ചതായും അപേക്ഷയില്‍ പറയുന്നു. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും എന്നാണ് സൂചന.