തിരുവനന്തപുരം- പ്രമുഖ അർബുദ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സയിലായിരുന്ന കുട്ടിക്ക് എയിഡ്‌സ് ബാധിച്ചത് ആർ.സി.സിയിൽനിന്ന് സ്വീകരിച്ച രക്തത്തിലൂടെയാണെന്ന് സ്ഥിരീകരണം. എച്ച്.ഐ.വി ബാധിതന്റെ രക്തം കുട്ടി സ്വീകരിച്ചുവെന്നാണ് കണ്ടെത്തിയത്. കടുത്ത ന്യൂമോണിയ ബാധിച്ച് കുട്ടി മരിച്ചിരുന്നു.
അർബുദത്തെ തുടർന്ന് 48 പേരുടെ രക്തം ചികിത്സക്കിടെ കുട്ടിക്ക് നൽകിയിരുന്നു. ഇതിൽ ഒരാൾ എച്ച്.ഐ.വി ബാധിതനായിരുന്നുവെന്നാണ് ഇപ്പോൾ തെളിഞ്ഞത്. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. വിൻഡോ പീരിഡിൽ രക്തം നൽകിയതിനാലാണ് രോഗം തിരിച്ചറിയാൻ സാധിക്കാതിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. രക്തദാനത്തിലൂടെ എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ ആദ്യം വ്യക്തമാക്കിയത്. പിന്നീട് എച്ച്.ഐ.വി ആരോപണം തന്നെ ഇവർ തള്ളി.
സർക്കാർ തലത്തിലും പ്രശ്‌നം ഗൗരവമായി പരിശോധിച്ചു. കുറ്റം തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. എച്ച്.ഐ.വി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയതായി സ്ഥിരീകരണം വന്നതോടെ ആശുപത്രിയിൽ ഇത്തരം കാര്യങ്ങളിൽ ഒരു സുരക്ഷയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. കാൻസർ ബാധിച്ച് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് ആശുപത്രിയധികൃതരുടെ അനാസ്ഥ മൂലം മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. 2017 മാർച്ച് ഒന്നിനാണ് കുട്ടിയെ ആർ.സി.സിയിൽ എത്തിച്ചത്.
കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് കോടതിയെ സമീപിച്ചു. തുടർന്ന് കുട്ടിയുടെ രക്തസാമ്പിളുകളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ വിൻഡോ പീരിഡിൽ എച്ച്.ഐ.വി കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം ആർ.സി.സിയിൽ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. കുട്ടി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.