Sorry, you need to enable JavaScript to visit this website.

വേണമെങ്കിൽ താമര  കുമ്പളങ്ങിയിലും വിരിയും

കൊച്ചി- മാനേജ്‌മെന്റ് അസോസിയേഷൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തിയ എറണാകുളം എം.പി അഡ്വ. കെ.വി. തോമസിനെ കണക്കിന് കളിയാക്കി രാഷ്ട്രീയ നിരീക്ഷകനും ചാനൽ പാനലിസ്റ്റുകളിൽ പ്രമുഖനുമായ അഡ്വ. ജയശങ്കർ. ജീവിക്കാൻ പഠിച്ചയാളാണ് തോമസ് എന്ന് പറയുന്ന ജയശങ്കർ കൊച്ചിക്കായലിൽ തിരുതയുണ്ടെങ്കിൽ തോമസ് മാഷ് കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയുമാകുമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.  

പോസ്റ്റിന്റെ പൂർണരൂപം: 


ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ. കെ.വി തോമസ്
കരുണാകരനു തിരുത കൊടുത്ത് മൂന്നു തവണ പാർലമെന്റംഗമായി. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങി തെരഞ്ഞെടുപ്പു തോറ്റപ്പോൾ ഡിസിസി പ്രസിഡന്റായി, എറണാകുളം എം.എൽ.എ ആയി. ഉമ്മൻ ചാണ്ടിയെ വെട്ടി മന്ത്രിയായി.
കരുണാകരന്റെ കരുണാകടാക്ഷം കൊണ്ടു മാത്രം എം.എൽ.എയും മന്ത്രിയുമായ മാഷ്, കൃത്യം മൂന്നു മാസത്തിനകം ആന്റണിയുടെ വിശ്വസ്തനായി. ദൽഹിയിലും തിരുത കൊടുത്ത് മാഡത്തിന്റെ മനം കവർന്നു. സോണിയ പ്രിയങ്കരി എന്ന പുസ്തകമെഴുതി നമ്പർ 10 ജനപഥിൽ സ്വാധീനം ഉറപ്പിച്ചു.
ഹൈബി ഈഡനെ വെട്ടി വീണ്ടും പാർലമെന്റംഗമായി. പ്രൊഫ. പി.ജെ കുര്യന്റെ മോഹങ്ങൾ തല്ലിക്കൊഴിച്ച് കേന്ദ്ര സഹമന്ത്രിയായി. അധികം വൈകാതെ സ്വതന്ത്ര ചുമതല സംഘടിപ്പിച്ചു. 2014 ലെ മോഡി തരംഗത്തെയും തോമസ് മാഷ് പുല്ലുപോലെ അതിജീവിച്ചു, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായി.
ഇനി, കെ.പി.സി.സി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാൻ ബാക്കിയുള്ളൂ. കൊച്ചിക്കായലിൽ തിരുതയുണ്ടെങ്കിൽ അതും വൈകാതെ കരഗതമാകും. അതാണ് തോമസ് മാഷ്; കുമ്പളങ്ങിയുടെ വീരപുത്രൻ.
അന്ധമായി ആരെയും എതിർക്കുന്നയാളല്ല തോമസ് മാഷ്. നന്മ എവിടെ കണ്ടാലും അംഗീകരിക്കും, അഭിനന്ദിക്കും. കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും നരേന്ദ്ര മോഡി ആയാലും അതിനു മാറ്റമില്ല.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തോട് എതിർപ്പുളളയാളാണ് തോമസ് മാഷ്. പക്ഷേ, മോഡിയുടെ ഭരണ പാടവത്തോട് ആദരവാണ്. അതു തുറന്നു പറയാനും മടിയില്ല.
മോഡിയുടെ മഹത്വം കേരളത്തിലെ ചില ഖദർധാരികൾക്ക് ഇനിയും മനസ്സിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സൻജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നവനല്ല പ്രൊഫ. കെ.വി തോമസ്. ഹൈക്കമാൻഡിൽ ഹസ്സനേക്കാൾ പിടിപാടുണ്ട് അദ്ദേഹത്തിന്. ഒരു നടപടിയും ഉണ്ടാവില്ല എന്ന് ഉറപ്പാണ്.
ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്. മാഷ് നല്ലനേരം നോക്കി ബി.ജെ.പിയിൽ ചേരും. നരേന്ദ്ര മോഡി പ്രിയങ്കരൻ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019 ൽ സഹമന്ത്രിയല്ല, കാബിനറ്റ് മന്ത്രിയാകും. വേണമെങ്കിൽ താമര കുമ്പളങ്ങിയിലും വിരിയും.

Latest News