കോഴിക്കോട് - രൂപവത്കരണത്തിന്റെ സിൽവർ ജൂബിലി വർഷത്തിൽ ഇന്ത്യൻ നാഷനൽ ലീഗിൽ മറ്റൊരു പിളർപ്പിന് കൂടി അരങ്ങ് ഒരുങ്ങുന്നു. വിമത വിഭാഗം ഐ.എൻ.എൽ (ഡെമോക്രാറ്റിക്) സംഘടനയുടെ പ്രഖ്യാപനം 23 ന് കോഴിക്കോട്ട് നടക്കും. അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് സി.പി കുരിയിൽ, ജനറൽ സെക്രട്ടറി രാംസിംഗ് യാദവ്, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ബഷീർ അഹമ്മദ് എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് കരീം പുതുപ്പാടി മലയാളം ന്യൂസിനോട് പറഞ്ഞു.
ഐ.എൻ.എല്ലിന്റെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് എട്ട് മാസം മുമ്പ് സേട്ടുസാഹിബ് സാംസ്‌കാരികവേദി രൂപവൽക്കരിച്ച പ്രവർത്തകരാണ് ഐ.എൻ.എൽ ഡെമോക്രാറ്റിക് എന്ന പാർട്ടി രൂപവൽക്കരിക്കുന്നത്.
യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് അഷറഫ് പുറവൂർ, കിസാൻ ലീഗ് പ്രസിഡന്റ് ടി.കെ മൊയ്തുണ്ണി, കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ് സി.കെ സുലൈമാൻ, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ഇസ്മായിൽ ഹാജി, കോഴിക്കോട് ജില്ലാ മുൻ വൈസ് പ്രസിഡന്റ് പി.സലീം തുടങ്ങിയവരാണ് പുതിയ സംഘടനാ നീക്കത്തിന് നേതൃത്വം നൽകുന്നത്.
സംഘടന ജനാധിപത്യം നഷ്ടപ്പെട്ട് ഏതാനും വ്യക്തികളുടെ കൈയിലായെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഇടതുമുന്നണി നിർലോഭമായ പിന്തുണ പതിച്ചുനൽകിയിട്ടും അർഹമായത് പിടിച്ചുവാങ്ങാൻ കഴിയാതെ അവനവന്റേത് മാത്രം സംരക്ഷിക്കുന്ന നേതൃത്വമാണ് ഇപ്പോഴത്തേത്.
പാർട്ടിയുടെ സ്ഥാപക നേതാവ് സുലൈമാൻ സേട്ട് സാഹിബിന്റെ പേരിൽ സൗധം നിർമ്മിക്കാൻ പിരിച്ചെടുത്ത ഫണ്ട് ദുർവനിയോഗം ചെയ്തതിനെ ചോദ്യം ചെയ്തവരെ പാർട്ടിയിൽ തഴയുകയോ പുറത്താക്കുകയോ ചെയ്യുകയാണ്. പത്ത് കോടി രൂപ ചെലവിട്ടു നിർമ്മിക്കുന്ന സൗധത്തിന് വേണ്ടി മൂന്ന് കോടി രൂപ പിരിച്ചെടുത്തുവെങ്കിലും സൗധ നിർമ്മാണത്തിനായി ഒന്നും ചെയ്തില്ല. വെള്ളാപ്പള്ളി നടേശനെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനും നേതാക്കൾക്ക് ഇടതുമുന്നണി നേതാക്കളെ കാണാൻ പോകാനും ചെലവിട്ടതായാണ് കണക്കുകൾ. പി.എം.എ സലാം ജനറൽ സെക്രട്ടറിയായിരിക്കേ 26 ലക്ഷം രൂപ ചെലവിട്ട് എരഞ്ഞിപ്പാലത്ത് വാങ്ങിയ കെട്ടിടം വിറ്റുവെങ്കിലും മറ്റൊരു കെട്ടിടം ഉണ്ടായിട്ടില്ല.
കോഴിക്കോട് സൗത്തിലെ സ്ഥാനാർഥി നിർണയം ജനാധിപത്യപരമായിരുന്നില്ല. അബ്ദുൽ വഹാബിനെ സ്ഥാനാർഥിയാക്കിയാൽ എതിരാളികൾ പഴയ സിമി ബന്ധം ഉയർത്തിക്കാട്ടുമെന്നും പരാജയത്തിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയെങ്കിലും ഏതാനും പേർ പിൻവാതിലിലൂടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു. കോഴിക്കോട് ജില്ലക്കാരനെ സ്ഥാനാർഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയെ തന്നെ പിരിച്ചുവിടുകയാണ് ചെയ്തത്.
മുൻ ഇടതുസർക്കാർ ഐ.എൻ.എല്ലിന് രണ്ട് ചെയർമാൻ സ്ഥാനവും എട്ട് ബോർഡ് അംഗത്വവും കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ലഭിച്ചത് ഒരു ചെയർമാൻ സ്ഥാനവും ഒരു അംഗത്വവുമാണ്.
ചെയർമാൻ സ്ഥാനം വഹാബ് തന്നെ കൈവശപ്പെടുത്തി. ഐ.എൻ.എല്ലിനെ തിരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപവൽക്കരണമെന്ന് കരീം പറഞ്ഞു.