Sorry, you need to enable JavaScript to visit this website.

അൽപം ശിബിര ചിന്തകൾ

കോൺഗ്രസിന്റെ ചിന്തൻ ശിബിരം എന്തുകൊണ്ടും പുതുമയുള്ളതായിരുന്നു. കല്ലുകടിയുണ്ടാക്കാൻ ആദർശ ധീരന്മാർ ശ്രമിച്ചെങ്കിലും ഒന്നിച്ചുനിന്ന് ഐക്യം തെളിയിക്കാൻ നേതൃത്വത്തിനായി. പാർട്ടി നേരിടുന്ന കടുത്ത വെല്ലുവിളിയെക്കുറിച്ച യാഥാർഥ്യ ബോധം പുതിയ തലമുറ നേതാക്കൾക്കുണ്ടെന്നത് ആശ്വാസകരമാണ്. ഗ്രൂപ്പ് കളിച്ചും താൻപോരിമ കാട്ടിയും അടുത്ത അവസരം കൂടി നഷ്ടപ്പെടുത്തിയാൽ പിന്നെ ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും.

 

കോഴിക്കോട്ട് സമാപിച്ച കോൺഗ്രസിന്റെ ചിന്തൻ ശിബിരം ഇത്തരത്തിൽപെട്ട സംസ്ഥാനത്തെ ആദ്യ സംരംഭമാണെന്നാണ് തോന്നുന്നത്. രണ്ട് ദിവസത്തെ സമ്മേളനവും ചർച്ചകളും പ്രമേയവുമൊക്കെ തികച്ചും പുതുമ നിറഞ്ഞതായിരുന്നുവെന്ന് പറയാതെ വയ്യ. കോൺഗ്രസ് അണികളെ ആവേശഭരിതരാക്കാനും ആത്മവിശ്വാസം പകരാനുമുള്ള ചേരുവകളൊക്കെ യഥാവിധി ചേർത്ത് രൂപപ്പെടുത്തിയ പരിപാടിയായിരുന്നു അത്. ആ അർഥത്തിൽ ശിബിരം തികച്ചും വിജയകരമെന്ന് തന്നെ നിസ്സംശയം പറയാം.


ഇ.ഡിയുടെ പീഡനമേറ്റുവാങ്ങുന്ന തിരക്കിലായതുകൊണ്ടാവാം രാഹുൽ ഗാന്ധിക്കോ സോണിയക്കോ ഈ സവിശേഷ സംരംഭത്തിൽ സാന്നിധ്യമറിയാക്കാൻ കഴിയാതിരുന്നത്. മറ്റു പല ദേശീയ നേതാക്കളെയും അവിടെ കണ്ടതുമില്ല. കേരളത്തിന്റെ ചുമതലയുള്ള ചില നേതാക്കൻമാരെ ഒഴിച്ചുനിർത്തിയാൽ ദിഗ്‌വിജയ് സിംഗ് മാത്രമാണ് കാര്യമായ ഒരു ദേശീയ മുഖമായി അവിടെ എത്തിയത്. കേരളത്തിൽനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ദേശീയ നേതാവായ എ.കെ ആന്റണിയും എത്തിയില്ല. സജീവ രാഷ്ട്രീയത്തിൽനിന്ന് അപ്രഖ്യാപിത വിരമിക്കൽ നടത്തിയതുകൊണ്ടാണോ, അസുഖങ്ങൾ മൂലമാണോ എന്ന് വ്യക്തമല്ല. 


ആദർശത്തിന്റെ അസ്‌കിതയുള്ള മറ്റു രണ്ട് നേതാക്കളും ശിബിരത്തിന് എത്താൻ വിമുഖരായി. മുൻ സംസ്ഥാന അധ്യക്ഷൻമാരായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. താൻ എന്തുകൊണ്ട് എത്തിയില്ല എന്ന കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പറയുമെന്നും ഇവിടെ പറയേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി വിശദീകരിച്ചിട്ടുണ്ട്. അന്നേ ദിവസം തനിക്ക് നിരവധി ഉദ്ഘാടനങ്ങളുടെ തിരക്കാണെന്ന കാര്യം മണിക്കൂറുകൾ ഇടവിട്ട് പോസ്റ്റ് ചെയ്ത് അനേകം ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ അദ്ദേഹം ഭംഗ്യന്തരേണ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തന്റെ സ്വന്തം തട്ടകത്തിൽ ഇത്ര വലിയൊരു പരിപാടി നടന്നിട്ടും അതിൽ പങ്കെടുക്കാനാവാത്തതിലെ ആത്മാർഥ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി. ഈ മര്യാദ പോലും കാട്ടാൻ പക്ഷേ വി.എം. സുധീരൻ തയാറായില്ല. അദ്ദേഹം എന്തുകൊണ്ട് വന്നില്ല എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.


തങ്ങളുടെ ആദർശാത്മക നിലപാടുകൾ സ്വീകരിക്കാനുള്ള പരുവത്തിലല്ല പാർട്ടിയെന്ന തിരിച്ചറിവുകൊണ്ടാകാം, ആദർശം പുഴുങ്ങിത്തിന്നാനേ പറ്റൂ എന്ന പുതിയ നേതൃത്വത്തിന്റെ നിലപാട് കൊണ്ടാകാം എന്തായാലും അവർ വരാതിരുന്നത് നന്നായി എന്നാണ് മനസ്സിലാകുന്നത്. സുധാകരനും സതീശനും ചേർന്ന് അണികൾക്ക് വിളമ്പിക്കൊടുക്കുന്ന ആവേശത്തിന്റെ പ്രഭ കെട്ടുപോകാതിരിക്കാൻ എന്തായാലും അത് ഉപകരിക്കും. മൂവരുടെയും അസാന്നിധ്യം പക്ഷേ വലിയ പ്രശ്‌നമായി കോൺഗ്രസ് നേതൃത്വവും എടുത്തിട്ടില്ല. അവർക്ക് മാനസികമായി ഒരു റിട്ടയർമെന്റ് നേതൃത്വം അനുവദിച്ചുകൊടുത്തിരിക്കുന്നു എന്ന് വേണം കരുതാൻ. വടകരയിലും ചുറ്റുപ്രദേശങ്ങളിലുമുള്ള ലോക്കൽ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് ഇടക്കിടെ മുല്ലപ്പള്ളി എന്തെങ്കിലുമൊക്കെ പറയുന്നുണ്ടെങ്കിലും ആന്റണിയും സുധീരനും പൂർണ വിശ്രമത്തിൽ തന്നെയാണ്. 


സുധാകര-സതീശ നേതൃത്വം കോൺഗ്രസ് പാർട്ടിക്ക് മുമ്പെങ്ങുമില്ലാത്ത ഒരു ഉണർവ് സമ്മാനിച്ചിട്ടുണ്ടെന്ന് എതിരാളികൾ പോലും സമ്മതിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിലൂടെ അത് മൂർധന്യത്തിലെത്തുകയും ചെയ്തു. ഉമ്മൻ ചാണ്ടി അനാരോഗ്യത്തിലേക്ക് നീങ്ങുകയും രമേശ് ചെന്നിത്തല ബുദ്ധിപൂർവം ഒഴിഞ്ഞുമാറിക്കൊടുക്കുകയും ചെയ്തതോടെ ഇരുവർക്കും തൽക്കാലം പാർട്ടിയിൽ വെല്ലുവിളികളൊന്നുമില്ല. അതല്ലെങ്കിൽ കാലത്തിന്റെ അനിവാര്യത നേതാക്കൾ മനസ്സിലാക്കുന്നുണ്ട് എന്നർഥം. ഇനിയും ഒന്നിച്ചുനിന്ന് പാർട്ടിയെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ ഭാവി പൂർണമായും ഇരുളടയുമെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. അതിനാൽ തന്നെ രൂപപ്പെട്ട ഈ താൽക്കാലിക ഐക്യം പാർട്ടിക്കും പുതിയ നേതൃത്വത്തിനും ഏറെ ഗുണകരമായിട്ടുണ്ട്. 


പാർട്ടിയുടെ യുവജന വിഭാഗം വളരെ ആവേശത്തിലാണെന്നതാണ് മറ്റൊരു അനുകൂല ഘടകം. യുവാക്കളെ പാർട്ടി പ്രവർത്തനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ചുമതലകൾ ഏൽപിക്കാനും സതീശനും സുധാകരനും തയാറായത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഈ തന്ത്രം ഏറെ സഹായകമായി. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഊർജസ്വലമായ പ്രവർത്തനമാണ് അവിടെ കാഴ്ചവെച്ചത്. ചെറുപ്പക്കാരനായ ഡി.സി.സി അധ്യക്ഷനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അതിനാൽ തന്നെ ഫീൽഡിൽ മാറ്റങ്ങൾ ദൃശ്യമായിരുന്നു. എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി പി.ടി. തോമസിന് നൽകിയതിനേക്കാൾ മികച്ച വിജയം ഉമ തോമസിന് നൽകാൻ തൃക്കാക്കരയിലെ വോട്ടർമാർ മടിച്ചില്ല.


ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായി ഉയർന്നുവന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്താനും വലിയ സമരങ്ങളിലേക്ക് പാർട്ടി അണികളെ ഇറക്കിവിടാനും സതീശനും സുധാകരനും കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്. സ്വർണ-ഡോളർ കടത്തുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങൾ ഫലപ്രദമായി സമൂഹത്തിന്റെ മുന്നിലെത്തിക്കാനും പ്രതിഷേധമുയർത്താനും അവർക്ക് കഴിഞ്ഞു. 42 അകമ്പടി വാഹനങ്ങൾ സഹിതമായി മുഖ്യമന്ത്രിയുടെ യാത്ര. കരിങ്കൊടി പ്രതിഷേധങ്ങൾ, കറുപ്പ് ധരിക്കുന്ന എല്ലാവരോടുമുള്ള വിദ്വേഷമായി മാറി. ഇതെല്ലാം പിണറായി വിജയനെ അങ്ങേയറ്റം പ്രതിരോധത്തിലാക്കി. വിമാനത്തിലെ പ്രതിഷേധവും ഇ.പി. ജയരാജന്റെ വിഡ്ഢിത്തങ്ങളും എ.കെ.ജി സെന്റർ ആക്രമണവും കോടതിയിൽനിന്നുള്ള തിരിച്ചടികളും എല്ലാം കൂടി പിണറായി സർക്കാർ വലിയൊരു പ്രതിസന്ധിയിൽ കൂടിയാണ് കടന്നുപോകുന്നത്. ഇത് രൂപപ്പെടുത്തിയെടുക്കുന്നതിൽ കോൺഗ്രസിന് നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.


മഹിള കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷക്ക് പോലും അപ്പുറത്തെ മുറിയിൽ ഇരിക്കുന്ന കെ.പി.സി.സി അധ്യക്ഷനെ കാണണമെങ്കിൽ മുൻകൂട്ടി അപ്പോയ്ൻമെന്റ് എടുക്കണമെന്ന അവസ്ഥയായിരുന്നു മുല്ലപ്പള്ളി കാലത്തുണ്ടായിരുന്നത്. ഇത്തരത്തിൽ നേതാക്കൾക്ക് പോലും അപ്രാപ്യനായ ഒരു പി.സി.സി അധ്യക്ഷന് അണികളോടുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്തെ പ്രോട്ടോകോൾ തന്നെയാണ് ഒരു ജനകീയ പാർട്ടിയുടെ അധ്യക്ഷനായിരുന്നപ്പോഴും അദ്ദേഹം പിന്തുടർന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രവർത്തനം അന്ന് നടത്തിയിരുന്നു. പിണറായി സർക്കാരിനെതിരായ നിരവധി കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നതിൽ ചെന്നിത്തലയുടെ ഇടപെടൽ സഹായിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി തലത്തിൽ ചെന്നിത്തലക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പത്രസമ്മേളനങ്ങളിലും നിയമസഭയിലും നടത്തിയ ഒറ്റയാൾ പോരാട്ടങ്ങളിൽ അത് അവസാനിച്ചുപോവുകയായിരുന്നു. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിക്കാൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ല.
അതിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ പ്രതിപക്ഷ നേതാവും പാർട്ടി അധ്യക്ഷനുമായി മികച്ച ഒരു ബന്ധം ദൃശ്യമാകുന്നുണ്ട്. നിയമസഭയിലെ പോരാട്ടവും പുറത്തെ പോരാട്ടവും സമന്വയിപ്പിക്കാൻ അവർക്ക് സാധിക്കുന്നു.

 

ഇരുവരും അവരുടെ കർമ മേഖലയെക്കുറിച്ച് ബോധമുള്ളവരാണ്. പരസ്പരം സ്‌പേസ് അനുവദിക്കുന്നു. അതാണ് പാർട്ടി അണികളിലേക്ക് പടരുന്ന ആവേശത്തിന് കാരണം. മാത്രമല്ല, പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിൽ അണികളെ ആവേശഭരിതരാക്കാൻ വേണ്ട വിഭവങ്ങൾ എന്താണെന്ന് സുധാകരന് നന്നായറിയാം. ധീരനായ, ആരെയും കൂസാത്ത നേതാവ് എന്ന പ്രതിഛായയും അണികളെ ആഹ്ലാദിപ്പിക്കുന്നു.
ദേശീയ തലത്തിൽ കോൺഗ്രസ് വളരെ പ്രതിസന്ധിയിലാണ്. 2024 ലെ തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുമെന്ന വിശ്വാസം പാർട്ടിക്കോ പ്രതിപക്ഷത്തിന് പൊതുവെയോ ഇല്ല. കോൺഗ്രസിന് സമാഹരിക്കാൻ കഴിയുന്ന സീറ്റുകളിൽ നല്ലൊരു പങ്ക് കേരളത്തിലാണ്. അതിനാൽ തന്നെ സി.പി.എം ഉയർത്തുന്ന വെല്ലുവിളി നേരിട്ട് പരമാവധി എം.പി സ്ഥാനങ്ങൾ നേടുകയെന്നത് കോൺഗ്രസിന് അനിവാര്യമാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ ഉയർത്തുന്ന വെല്ലുവിളി അതിശക്തമായിരിക്കും. അതിനായുള്ള പ്രവർത്തനങ്ങൾ അവർ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ സൂചനകൾ വ്യക്തമാണ്. അതിനാൽ തന്നെ കോഴിക്കോട്ട് നടത്തിയ ചിന്തൻ ശിബിരം ഫലപ്രദമായ തുടർപ്രവർത്തനമായി മാറ്റേണ്ടതുണ്ട്. ഇല്ലെങ്കിൽ അതും മറ്റൊരു വൃഥാവ്യായാമമായി കലാശിക്കും.

Latest News