തിരുവനന്തപുരം- മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി രംഗത്തു വന്നതിൽ കോൺഗ്രസിനുള്ളിൽ അസ്വസ്ഥത പുകയുന്നു.
മുൻ കേന്ദ്ര മന്ത്രി കൂടിയായ കെ.വി. തോമസിനെതിരെ മാതൃകാപരമായ നടപടി വേണമെന്ന് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം. മുമ്പും വിവാദങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടുള്ള നേതാവാണ് കെ.വി.തോമസ്. സംസ്ഥാന മന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ളയാളുമാണ്.
കോൺഗ്രസിലെ നേതാക്കളേക്കാളുമധികം താൻ കൺഫർട്ടബിൾ ആകുന്നത് മോഡിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്ന് കെ.വി. തോമസ് കഴിഞ്ഞ ദിവസം കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധം, ജി.എസ്.ടി എന്നിവയിലെല്ലാം പ്രധാനമന്ത്രിക്ക് തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. മാധ്യമങ്ങളെയും ജുഡീഷ്യറിയെയും നിയന്ത്രിക്കാനുള്ള നരേന്ദ്ര മോഡിയുടെ ശ്രമങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. നരേന്ദ്രമോഡി മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയായാണ് ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നത്. ബി.ജെ.പി പലതരത്തിലുള്ള തിരിച്ചടി നേരിടുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കെ.വി. തോമസ് എത്തിയതിനെ സംശയത്തോടെയാണ് പല കോൺഗ്രസ് നേതാക്കളും കാണുന്നത്.
നോട്ട് നിരോധത്തിന്റെയും ദളിത് പീഡനത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും മറ്റും പേരിൽ കോൺഗ്രസ് ദേശീയ
നേതൃത്വം നരേന്ദ്ര മോഡിക്കെതിരെ തുറന്ന യുദ്ധം അഴിച്ചുവിട്ടിരിക്കുന്ന സമയത്താണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ കെ.വി. തോമസ് അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചതെന്നത് ദേശീയ നേതൃത്വവും ഗൗരവമായി കാണുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സൻ വിവാദ പ്രസ്താവനയുടെ പേരിൽ കെ.വി. തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു.
എന്നാൽ ഇതൊരു പതിവ് നടപടി മാത്രമാണെന്നും കൂടുതൽ നടപടി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കാര്യങ്ങൾ ദൽഹിയിലിരുന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് നരേന്ദ്ര മോഡിയെ പുകഴ്ത്തിയത് ബോധപൂർവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തിൽനിന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് അടർത്തിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ബി.ജെ.പിയിലേക്ക് ക്ഷണിച്ചുകൊണ്ട് സമീപിച്ചതായി കെ. സുധാകരൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കെ.വി. തോമസും മോഡി ഉൾപ്പെടെയുള്ള നേതാക്കളുമായി അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ്.
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ കൊണ്ടുവന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടാൻ കോൺഗ്രസ് ബുദ്ധിമുട്ടുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ നരേന്ദ്രമോഡിയെ പുകഴ്ത്തി രംഗത്ത് വന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
എന്നാൽ തന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നാണ് കെ.വി. തോമസ് പറയുന്നത്. ഇത് കോൺഗ്രസ് നേതൃത്വം മുഖവിലക്കെടുക്കാനുളള സാധ്യത കുറവാണ്.