Sorry, you need to enable JavaScript to visit this website.

അല്ലാഹുവിനെ സ്തുതിക്കുന്ന അയ്യപ്പന്മാര്‍; വീഡിയോ വൈറലാക്കി സമൂഹമാധ്യമങ്ങള്‍

തിരുവനന്തപുരം- മതസൗഹാര്‍ദം തകര്‍ക്കാനും ധ്രുവീകരണത്തിനും ശ്രമങ്ങള്‍ നടക്കുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുന്ന അയ്യപ്പ ഭക്തന്മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. വാവര് നടയില്‍നിന്നുള്ളതാണ് വീഡിയോ.

സന്നിധാനത്തെത്തുന്ന ഭക്തര്‍ അയ്യനെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് മതമൈത്രിയുടെ പ്രതീകമായ വാവര് സ്വാമി നടയില്‍ വണങ്ങിയ ശേഷമാണ്. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവര്‍. മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ പ്രതീകം തന്നെയാണ് അയ്യപ്പന്റെയും വാവരുടെയും ചരിത്രപരമായ സൗഹൃദം. ഇപ്പോഴത്തെ വിദ്വേഷ കാലം മുന്നില്‍ കണ്ട് ഒരുമിച്ച് കൂടിയവരാണ് അയ്യപ്പനും വാവരുമെന്നു വേണമെങ്കില്‍ പറയാം. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നുമാണ് ഐതിഹ്യം.  
 വൈദ്യനും ജ്യോതിഷിയും ആയിരുന്നു വാവര്‍. വാവര്‌സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പ്രസാദമാണ്. ഇതു ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥകള്‍ക്കുള്ള മരുന്ന് കൂടിയാണ്. കൂടാതെ ഭക്തര്‍ കാണിക്കയായി നടയില്‍ സമര്‍പ്പിക്കുന്ന കുരുമുളകില്‍ അല്പം എടുത്ത ശേഷം ബാക്കി ഭാഗം പ്രാര്‍ഥിച്ച് തിരികെ നല്‍കുകയും ചെയ്യുന്നു. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കര്‍മ്മിയിരുന്ന് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകാര്‍മ്മികനുമായി വാവര് നടയില്‍ എത്തുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയത് എന്നും ഐതിഹ്യമുണ്ട്.

 

Latest News