കുന്ദമംഗലം- വിഷു ദിനത്തിൽ കത്തുന്ന ചൂടിൽ ഐക്യദാർഢ്യവുമായി ഒരു ഏകാംഗ പദയാത്ര. ആസിഫാ ബാനുവിന് ഐക്യദാർഢ്യവുമായി വിഷു ദിനത്തിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് എസ്.പി. മധുസൂദനൻ നായരാണ് ഏകാംഗ പദയാത്ര നടത്തിയത്. 'മോളേ, ആസിഫാ ബാനു നിന്റെ കണ്ണുനീർ കയത്തിൽ മുങ്ങി മരിക്കട്ടെ കാമ വെറി പൂണ്ട കാപാലികർ. ഉണരും നിന്നിലൂടെ ഭാരത മക്കൾ' എന്ന് കുറിച്ച പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചായിരുന്നു മധുസൂദനൻ നായർ മുക്കം മുനിസിപ്പാലിറ്റിയിൽനിന്ന് പദയാത്ര ആരംഭിച്ചത്. വിഷുദിന ആഘോഷങ്ങൾ എല്ലാം മാറ്റിവെച്ചു ഇന്നത്തെ ദിവസം മുഴുവൻ ആസിഫാ ബാനുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണെന്നും ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും അദ്ദേഹം പറഞ്ഞു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കുന്ദമംഗലം മുനിസിപ്പാലിറ്റിയിൽ വൈകുന്നേരത്തോടെ പദയാത്ര അവസാനിച്ചു. പദയാത്രക്കിടെ വഴിയിലുടനീളം യുവാക്കളും കുട്ടികളുമുൾപ്പെടെ അനേകമാളുകൾ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ചു. കുന്നമംഗലം അങ്ങാടിയിൽ നടന്ന സമാപന പരിപാടി വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിന്റെ ഉന്മൂലന സിദ്ധാന്തമാണ് ആസിഫ ബാനുവിന്റെ കൊലപാതകത്തിലൂടെ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പദയാത്ര നടത്തിയ എസ്. പി. മധുസൂദനൻ നായർക്ക് സി. അബ്ദുറഹ്മാൻ, കെ.കെ. അബ്ദുൽ ഹമീദ്, മുസലിഹ് പെരിങ്ങളം, സജ്ന ശരീഫ്, എൻ. ദാനിഷ്, പി.എം. ശരീഫുദ്ധീൻ എന്നിവർ ഹാരാർപ്പണം നടത്തി. കരീം പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു. എം.പി. ഫാസിൽ മാസ്റ്റർ സ്വാഗതവും ഇൻസാഫ് പതിമംഗലം നന്ദിയും പറഞ്ഞു.