Sorry, you need to enable JavaScript to visit this website.

 റെയില്‍വേ മന്ത്രി കൂടിക്കാഴ്ച അനുവദിച്ചില്ല,  രോഷത്തോടെ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍  

ന്യൂദല്‍ഹി-  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെതിരെ കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം. . നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് അശ്വനി വൈഷ്ണവ് പിന്‍മാറിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവര്‍ പറഞ്ഞു. കൊച്ചുവേളി, നേമം ,തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ വികസനം കേന്ദ്രറെയില്‍നേ മന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ ദല്‍ഹിയില്‍ എത്തിയത്. എന്നാല്‍ റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു.
കാണാം എന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ഡല്‍ഹിയില്‍ എത്തിയതെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്ക് തയ്യാറാാകാത്ത കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ. തൃപാഠിയുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രിതല സംഘം സംസ്ഥാനത്തിന്റെ നിവേദനം കൈമാറി. തിരുവനന്തപുരം ജില്ലയിലെ റെയില്‍വേ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് എത്തിയതെന്നും വിഷയം നേരിട്ട് പരിശോധിക്കാന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി അടുത്ത മാസം 25ന് കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.
 

Latest News