കണ്ണൂര്‍- പി ജയരാജന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കര്‍ക്കടക വാവിന് ബലിയിട്ടവരെ സഹായിക്കാന്‍ ഇറങ്ങി. സിപിഎമ്മിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.ആര്‍.പി.സി. (ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍) ആണ് ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് സഹായവുമായി എത്തിയത്. ഐ.ആര്‍.പി.സി.യുടെ ഉപദേശകസമിതി ചെയര്‍മാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനാണ്. കണ്ണൂരിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ പയ്യാമ്പലത്ത് വ്യാഴാഴ്ച സംഘടന സഹായകേന്ദ്രം തുറന്നിരുന്നു. ഇവിടെ എത്തിയവര്‍ക്ക് ലഘുഭക്ഷണവും വെള്ളവും നല്‍കി.കര്‍ക്കടകവാവുബലി ചടങ്ങുകള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ സഹായവുമായി ഇറങ്ങണമെന്ന് ജയരാജന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. പിതൃസ്മരണയില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ഇത്തരം ഇടങ്ങള്‍ ഭീകരമുഖങ്ങള്‍ മറച്ചുവെച്ച് സേവനത്തിന്റെ മുഖംമൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്.