ജിദ്ദ- ആതിഥേയ ഉംറ വിസ സംവിധാനം നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്ന് സൗദിയില്‍ ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാവില്ലെന്ന അഭ്യൂഹം പരക്കുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ആശ്രിത വിസയില്‍ കൊണ്ടുവരുന്നവര്‍ക്കും ഫാമിലി വിസിറ്റ് വിസയില്‍ കൊണ്ടുവരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കുന്നതില്‍ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
ആതിഥേയ ഉംറ വിസയെന്ന പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം മരവിപ്പിച്ച കാര്യമാണ് കഴിഞ്ഞ ദിവസം ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം ബിന്‍ സഈദ് അറിയിച്ചത്.
മൂന്നു മുതല്‍ അഞ്ചു വരെ ഉംറ തീര്‍ഥാടകരെ സ്വന്തം പേരില്‍ കൊണ്ടുവരാനും ആതിഥേയത്വം നല്‍കാനും സ്വദേശികളെയും വിദേശികളെയും അനുവദിക്കുന്ന ആതിഥേയ ഉംറ വിസ നടപ്പാക്കുമെന്ന് മൂന്നു വര്‍ഷം മുമ്പാണ് മന്ത്രാലയം അറിയിച്ചത്. ഇതാണ് തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുന്നത്.
സൗദി പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിലും വിദേശികള്‍ക്ക് ഇഖാമയിലും മൂന്നു മുതല്‍ അഞ്ചു വരെ ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിക്കുന്ന ലപദ്ധതിയാണ് ആതിഥേയ ഉംറ വിസയില്‍ വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതി പ്രകാരം വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെയാണ് സ്വന്തം ഇഖാമയില്‍ ഉംറ വിസകള്‍ നേടി രാജ്യത്തെത്തിക്കാന്‍ സാധിക്കുമായിരുന്നത്. സ്വദേശികള്‍ക്ക് ആഗ്രഹിക്കുന്ന ആരെയും സ്വന്തം തിരിച്ചറിയല്‍ രേഖയില്‍ വിസകള്‍ നേടി രാജ്യത്തെത്തിക്കാന്‍ സാധിക്കുമായിരുന്നു.
സൗദിയിലെത്തുന്നതു മുതല്‍ രാജ്യം വിടുന്നതു വരെ ഉംറ തീര്‍ഥാടകരുടെ മുഴുവന്‍ പരിചരണ, സേവന ചുമതലയും ആതിഥേയര്‍ക്കായിരിക്കും. വര്‍ഷത്തില്‍ മൂന്നു തവണ വരെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആതിഥേയ ഉംറ വിസ അനുവദിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സ്വദേശികളും വിദേശികളും പ്രതീക്ഷയോടെ കാത്തിരുന്ന ആതിഥേയ ഉംറ വിസ പദ്ധതി വീണ്ടും പരിഗണിക്കുമോ എന്ന് അധികൃതര്‍ വെളപ്പെടുത്തിയിട്ടില്ല.