Sorry, you need to enable JavaScript to visit this website.

അനുമതിയില്ലാതെ സ്‌കൂൾ ഫീസ് വർധന:  മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ് - വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്‌കൂൾ ട്യൂഷൻ ഫീസ് യാതൊരു കാരണവശാലും വർധിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്. പ്രവിശ്യയിലെ മുഴുവൻ സ്വകാര്യ, കമ്മ്യൂണിറ്റി, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് റിയാദ് പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ ഓഫീസ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ മുന്നറിയിപ്പ്. മന്ത്രാലയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും മുഴുവൻ സ്‌കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നു. മന്ത്രാലയം നിശ്ചയിച്ച കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി നടപ്പാക്കുന്ന ഫീസ് വർധന നിർത്തലാക്കണം. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ നടപടി നേരിടേണ്ടിവരുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകി. 
ഫീസ് വർധനവ് വരുത്താൻ ആഗ്രഹിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ, വിദേശ സ്‌കൂളുകൾ ഇതിനായി ട്യൂഷൻ ഫീസ് പ്രോഗ്രാമിന് മന്ത്രാലയം നിശ്ചയിച്ച വെബ് പോർട്ടൽ (https://fef.moe.gove.sa/Default.aspx)   സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇ പ്രോഗ്രാമിലുള്ള മുഴുവൻ കോളങ്ങളും പൂരിപ്പിച്ചുവെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം. ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി സ്‌കൂളിന്റെ അടിസ്ഥാന വിവരങ്ങൾ മന്ത്രാലയത്തിന്റെ 'നൂർ' പ്രോഗ്രാമിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കുലർ ഓർമപ്പെടുത്തി. 
ട്യൂഷൻ ഫീസ് പ്രോഗ്രാമിൽ ഏതെങ്കിലും കോളത്തിൽ ആവശ്യമായ വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. മന്ത്രാലയ പ്രതിനിധികൾ നടത്തുന്ന പരിശോധനയിൽ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുകയോ വ്യവസ്ഥകൾ പൂർണമായും നടപ്പിലാക്കിയിട്ടില്ലെന്ന് വ്യക്തമാകുകയോ ചെയ്യുമ്പോഴും അപേക്ഷ നിരസിക്കപ്പെടും. ഇതിന്റെ പരിപൂർണ ഉത്തരവാദിത്തവും സ്‌കൂളുകൾക്ക് തന്നെയായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ട്യൂഷൻ ഫീസ് അപേക്ഷകൾ സമർപ്പിക്കേണ്ട സമയ പരിധിയും സർക്കുലർ വ്യക്തമാക്കി. 
അതേസമയം, ഫീസ് വർധിപ്പിക്കുന്നതിന് അനുമതി തേടി ഓൺലൈൻ വഴി സ്‌കൂളുകൾ നൽകുന്ന അപേക്ഷ ഇന്നലെ മുതൽ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം. മെയ് ആറ് വരെ അപേക്ഷ സ്വീകരിക്കും. മന്ത്രാലയ ശാഖകളിൽനിന്നുള്ള പ്രതിനിധികൾ സൂക്ഷ്മ പരിശോധന നടത്തി അപേക്ഷയിൽ രേഖപ്പെടുത്തിയ കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പു വരുത്തും. പിന്നീട് ആവശ്യമായ വിവരം നൽകിയതിന് ശേഷം മന്ത്രാലയ സമിതിക്ക് ഓൺലൈൻ മുഖേന അപേക്ഷ കൈമാറും. മെയ് എട്ടിനാണ് മന്ത്രാലയ സമിതിക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. തുടർന്ന് സമിതി അപേക്ഷ പരിശോധിച്ച് തീരുമാനം പ്രസിദ്ധപ്പെടുത്തും. 
വ്യവസ്ഥ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സ്‌കൂൾ ഉടമകൾക്ക് മെയ് 15  മുതൽ 24 വരെ ഗ്രീവൻസ് അപേക്ഷ സമർപ്പിക്കാൻ സാവകാശം അനുവദിച്ചിട്ടുണ്ട്. 
ഇതിന് ശേഷം ലഭിക്കുന്ന ഇത്തരം അപേക്ഷകൾ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും റിയാദ് പ്രവിശ്യാ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു. ലഭിക്കുന്ന പരാതികൾ മെയ് 27 നകം തന്നെ മന്ത്രാലയ ശാഖകൾ പഠനവിധേയമാക്കുകയും മേൽ കമ്മിറ്റിയിലേക്ക് അപേക്ഷ കൈമാറുകയും ചെയ്യും. പരാതികളിൽ മന്ത്രാലയ സമിതി മെയ് 29ന് തീരുമാനം പുറപ്പെടുവിക്കും. സ്‌കൂൾ വിവരങ്ങൾ, ഉടമസ്ഥന്റെ വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവ നിർബന്ധമാണ്. സ്വദേശി അധ്യാപകർക്ക് കാലാവധി പൂർത്തിയാക്കുന്നത് വരെ കരാർ പ്രകാരമുള്ള ശമ്പളം നൽകിയ സ്ഥാപനങ്ങൾക്ക് ട്യൂഷൻ ഫീസ് വർധനവിന് അംഗീകാരം ലഭിക്കുമെന്ന് സർക്കുലർ പറയുന്നു.


 

Latest News