തിരുവനന്തപുരം- എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. നിലവില്‍ അന്വേഷണം നടത്തിയിരുന്ന കന്റോണ്‍മെന്‍് അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് ദിനരാജും സംഘത്തിലുണ്ട്. ആക്രമണം നടന്ന് ഒരു മാസം ആകാറായിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രത്യേക സംഘം അന്വേഷണം തുടങ്ങി ഇത്രനാളായിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനപോലും ലഭിച്ചിട്ടില്ല. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചത് ഡിയോ സ്‌കൂട്ടറിലാണെന്ന് വ്യക്തമായതോടെ തലസഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആയിരത്തില്‍ അധികം സ്‌കൂട്ടര്‍ പരിശോധിച്ചു. ബോംബ് നിര്‍മ്മാണ കേസില്‍ പ്രതികളായവരെയും പടക്ക വില്‍പ്പനക്കാരെപോലും ചോദ്യം ചെയ്തു. പക്ഷെ പ്രതിയെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചില്ല.