Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് സ്ത്രീ ചികിത്സക്ക് പണമില്ലാതെ മരിച്ചു, വന്‍ പ്രതിഷേധം

തൃശൂര്‍-  ഇരിങ്ങാലക്കുട  കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹവുമായി ബാങ്കിന് മുന്നില്‍ റോഡ് ഉപരോധിച്ച് ബന്ധുക്കളും രാഷ്ട്രീയ നേതൃത്വവും.
കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് (70) മരിച്ചത്. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പലതവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദേവസി പറഞ്ഞു. ഏകദേശം 28 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഫിലോമിനക്ക് ഉണ്ടായിരുന്നതെന്ന് പറയുന്നു. ദേവസി 40 വര്‍ഷം വെല്‍ഡിംഗ് കഠിനധ്വാനം ചെയ്ത പണമാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ചതിനെ തുടര്‍ന്നുള്ള പെന്‍ഷന്‍ തുകയും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. അധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തര ആവശ്യത്തിന് പിന്‍വലിക്കാന്‍ പോലും അധികൃതരില്‍നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും പണം ലഭിച്ചിരുന്നുവെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നു എന്നും ദേവസി പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫിലോമിനയുടെ മൃതദേഹവുമായി ആംബുലന്‍സ് കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍നിന്നും ഇറക്കി ബാങ്കിനു മുന്നില്‍ വെക്കുകയായിരുന്നു. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ആര്‍.ഡി.ഒ. എം.എച്ച്. ഹാരിഷ് സ്ഥലത്തെത്തി ബന്ധുക്കളുമായി
സംസാരിക്കുകയും ബാങ്ക് അധികൃതരുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് സമരത്തിന് ശാന്തത കൈവന്നത്. ഫിലോമിനയുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ നടത്തും.

 

Latest News