Sorry, you need to enable JavaScript to visit this website.

ചെന്നിത്തലയുടെ  കുമ്പസാരം 

തൃക്കാക്കര ഫലത്തിന്റെ കാര്യമെടുക്കാം. അടുത്ത കാലത്ത് കോൺഗ്രസ് നേതാക്കൾ ഐക്യത്തോടെ കാമ്പയിനിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഗ്രൂപ്പിസത്തിന്റ ലാഞ്ചനയൊന്നും അവിടെ കണ്ടതേയില്ല. ചിന്തൻ ശിബിറിന്റെ ആശയവും ഇതു തന്നെ. കടുത്ത പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ആരും ആകാശത്തു നിന്നിറങ്ങി വരില്ല. ഒരുമിച്ച് നിന്ന് ഐക്യത്തോടെ പാർട്ടിയുടെ നിലനിൽപ് ഉറപ്പിക്കുകയെന്നത് പ്രധാന ലക്ഷ്യമാണ്. എന്നാൽ 45 വർഷമായി പാർട്ടിയിൽ ഗ്രൂപ്പിസമുണ്ടെന്ന് രമേശ് ചെന്നിത്തല. കരുണാകരനും ആന്റണിയും കൈമാറിയ ദീപശിഖയാണത്. തന്റെ കൂടെ ഗ്രൂപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നവരാണ് കെ. സുധാകരനും വി.ഡി. സതീശനും
 


കേരളത്തിൽ കോൺഗ്രസ് ഇപ്പോൾ തോറ്റു നിൽക്കുകയാണോ? അല്ലെന്ന് പറയാനാണിഷ്ടം. കാരണവുമുണ്ട്. അടുത്തിടെ കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന് ലഭിച്ചത് തിളക്കമേറിയ വിജയമാണ്. സംസ്ഥാനത്തെ ഭരണ സംവിധാനമത്രയും തൃക്കാക്കരയിൽ കേന്ദ്രീകരിച്ച തെരഞ്ഞെടുപ്പിലാണ് ഈ നേട്ടമുണ്ടായതെന്നോർക്കണം. അതായത് ഏതാണ്ട് ഒരു വർഷത്തിനപ്പുറം സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായുണ്ടായിരുന്ന വികാരം അപ്രത്യക്ഷമായെന്ന് ചുരുക്കം. ബി.ജെ.പി സംസ്ഥാന നേതാവ് തന്നെ സ്ഥാനാർഥിയായിട്ടും പിന്നോക്കം പോയി. 
കെ-റെയിൽ മുതൽ സകല ജനദ്രോഹ പദ്ധതികൾക്കും നയങ്ങൾക്കുമെതിരായ വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പിൽ പ്രകടമായത്. കോവിഡിന്റെ മൂർധന്യത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.ഡി.എഫ് തോറ്റതിന് കാരണം വേറെ അന്വേഷിക്കണം. ദേശീയ തലത്തിൽ സോഷ്യൽ എൻജിനീയറിംഗിൽ ഗവേഷണം നടത്താറുള്ള ബുദ്ധി കേന്ദ്രങ്ങളുടെ പ്രവർത്തന ഫലം കൂടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരിക്കണം. അതിന്റെ ഗുണം ലഭിച്ചത് എൽ.ഡി.എഫിനാണെന്ന് മാത്രം. കേരള ജനസംഖ്യയിൽ ഏതാണ്ട് തുല്യ ശകതികളാണ് രണ്ടു മതന്യൂനപക്ഷ വിഭാഗങ്ങളും. രണ്ടും ചേർന്നാൽ 55 ശതമാനത്തിന് മുകളിൽ വരും. ഇത് രണ്ടുമിങ്ങനെ ഒരുമിച്ച് നിൽക്കുന്ന  ഭാഗത്ത് വിജയം ഉറപ്പ്. രണ്ടിനെയും അകറ്റിനിർത്തിയാൽ ഭാവിയിലെങ്കിലും കേരളത്തെ മാറ്റാനാവുമെന്നാണ് കണക്കുകൂട്ടൽ. അതിനായുള്ള കൊണ്ടുപിടിച്ച പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതിന്റെ ഫലം 2021 മേയിൽ കണ്ടു. മധ്യ തിരുവിതാംകൂർ ജില്ലകളിൽ ക്രൈസ്തവ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായി. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ. കെ.എം. മാണിക്കെതിരെ കുപ്രസിദ്ധമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത എൽ.ഡി.എഫ് മകനെ ഇങ്ങോട്ട് കൂട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘിയാണെന്ന് വരുത്തിത്തീർക്കാനുള്ള സൈബർ പ്രചാരണങ്ങൾ ഒരു വശത്ത്. തീരെ ദുർബലമായ കോൺഗ്രസിന്റെ മുന്നണിക്ക് ഭരണം ലഭിക്കുകയാണെങ്കിൽ താക്കോലുകളെല്ലാം മുസ്‌ലിം ലീഗിന്റെ കൈയിലായിരിക്കുമെന്ന പ്രചാരണം തെക്കൻ മേഖലയിലും നടത്തി. തെരഞ്ഞെടുപ്പ് കാലത്ത് കണ്ടുമുട്ടിയ  തെക്കുള്ള ഒരു പത്രാധിപർ കേരള സമൂഹത്തിൽ നടക്കുന്ന ഈ മാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി-കുഞ്ഞാപ്പ കാലമല്ലല്ലോ ഇത്. ലീഗിന്റെ ഉന്നതൻ തുർക്കിയിലെ ഹാഗിയ സോഫിയ മസ്ജിദ് സംബന്ധിച്ച് പാർട്ടി പത്രത്തിൽ ലേഖനമെഴുതുന്നു. പരമ്പരാഗതമായി ലീഗിന് ലഭിച്ചുപോന്നിരുന്ന സുന്നികളിലെ പ്രബല വിഭാഗത്തിന് പിണറായി വിജയൻ ഏറ്റവും സ്വീകാര്യനായി മാറിയ നാളുകളിലായിരുന്നു വോട്ടെടുപ്പ്. ചാലിയാർ പിന്നെയും മഴക്കാലങ്ങൾ  കണ്ടു, ധാരാളം വെള്ളം ഒലിച്ചു പോയി. തൃക്കാക്കരയിൽ അപ്രതീക്ഷിതമായ വിജയം യു.ഡി.എഫ് നേടിയപ്പോൾ കാലിനടയിലെ മണ്ണ് ഒലിച്ചുപോകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത് എൽ.ഡി.എഫാണ്. പരിഹാര ക്രിയയൊന്നും തുടങ്ങാൻ സാധിക്കാത്തതിന് കാരണം വേറെ. 
ഇതിനിടയ്ക്കാണ് കേരളത്തിലെ കോൺഗ്രസ് സംഘടന സംവിധാനം ശക്തമാക്കാനായി കോഴിക്കോട്ട് രണ്ടു ദിവസമായി ചിന്തൻ ശിബിർ ചേർന്നത്. അടുത്തിടെ രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിച്ച ദേശീയ ശിബിറിന്റെ തുടർച്ചയാണിത്. ബൂത്ത്, വാർഡ്, ബ്ലോക്ക് തലം മുതൽ ജനാധിപത്യപരമായി പാർട്ടിയെ പുനഃസംഘടിപ്പിക്കുകയെന്നതാണ് ലക്ഷ്യം. നല്ല കാര്യം. കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിലാണ് വിജയിക്കാനായത്. അതിൽ പതിനഞ്ചും കേരളത്തിലാണ്. അതു കൊണ്ടു തന്നെ ഇവിടത്തെ സീറ്റുകളുടെ എണ്ണം കൂട്ടാനായില്ലെങ്കിൽ ഉള്ളത് നിലനിർത്തുകയെങ്കിലും ചെയ്യണമല്ലോ.  2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള  തയാറെടുക്കൽ കൂടിയാണിത്.  മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിക്കണമെന്ന നിർദേശമാണ്  കെപിസിസി ചിന്തൻ ശിബിരത്തിൽ ഉയർന്നത്. മിഷൻ 24 എന്ന പേരിലാണ് ഇതിനായി കർമ പദ്ധതി പ്രഖ്യാപിച്ചത്. പതിവിന് വിപരീതമായി സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെ നേരത്തേയാക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സംസ്ഥാനത്ത് യുഡിഎഫ് കാഴ്ചവെച്ചത്.ആകെയുള്ള 20 ൽ 19 മണ്ഡലങ്ങളും മുന്നണിക്ക് നേടാനായി. എൽഡിഎഫിന്റെ കോട്ടകൾ പോലും പിടിച്ചടക്കുന്നതായിരുന്നു കാഴ്ച. ആലപ്പുഴയിൽ മാത്രമായിരുന്നു എൽഡിഎഫിന് വിജയിക്കാനായത്. 
 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റിലും വിജയിക്കണമെന്നാണ് പ്രധാന നിർദേശം. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ പാർട്ടി ഉറപ്പാക്കാൻ ഊന്നൽ നൽകും. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ബി.ജെ.പിയുടെ കടന്നുകയറ്റം തടയാനുള്ള നീക്കമാണ് കോൺഗ്രസ്  പ്രഖ്യാപിച്ചത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമാന മുന്നേറ്റം ലക്ഷ്യം വെച്ച് 18 മാസത്തെ പ്രവർത്തന കലണ്ടറാണ് കോൺഗ്രസ് തയാറാക്കിയത്. സാധാരണ നിലയിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നത്. തെരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് തന്നെ എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കണമെന്നതാണ് പുതിയ നിർദേശം. ഒരു പഞ്ചായത്തിൽ ഒരു മണ്ഡലം കമ്മിറ്റി എന്ന നിലയിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന നിർദേശവും ചിന്തിൻ ശിബിറിൽ ഉയർന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറെ വൈകിയായിരുന്നു കോൺഗ്രസ് പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചത്. സ്ഥാനാർത്ഥി നിർണയത്തിലെ പോരും വീതംവെപ്പുമെല്ലാം കടുത്ത വിമർശനത്തിന്  വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്  ചുരുങ്ങിയത് മൂന്ന് മാസം മുൻപെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിർദേശവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുതലം മുതൽ പാർട്ടി സമ്മേളനങ്ങളും വിളിച്ചുചേർക്കും. നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും നടത്തണമെന്നും യോഗം നിർദേശിച്ചു. മത, സമുദായിക നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം അവരെ തേടിപ്പോകുന്ന രീതി അവസാനിപ്പിക്കണം. ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം നിർദേശിച്ചു. യുഡിഎഫ് വിട്ടവരെ തിരികെ എത്തിക്കണമെന്ന പ്രമേയവും ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചിരുന്നു. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം, എൽ ജെ ഡി എന്നീ പാർട്ടികളുടെ പേര് പറയാതെയായിരുന്നു പ്രമേയം. കേരള കോൺഗ്രസ് എം മുന്നണി വിട്ടത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് മധ്യകേരളത്തിൽ നഷ്ടമായ ശക്തി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണം എന്ന നിലപാടിലേക്ക് കെപിസിസി എത്തിയത്.   കേരള കോൺഗ്രസിനൊപ്പം എൽജെഡിയെയും യുഡിഎഫിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കകുയും ചെയ്തു. 
ഇടതുമുന്നണിയിലെ അസംതൃപ്തരെ ലക്ഷ്യമിടണമെന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിർ  പ്രഖ്യാപനത്തിൽ  കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പിജെ ജോസഫിന്റെ പ്രതികരണം ശ്രദ്ധേയമായി.   ഇടതുമുന്നണിയിലെ ആരെങ്കിലും അസംതൃപ്തരാണോ എന്നറിയില്ല. അതുകൊണ്ട് അവിടെ നിന്ന് ഒരു പാർട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെ കുറിച്ച് അറിയില്ല. വരാൻ ആരെങ്കിലും തയാറായാൽ അവരെ സ്വാഗതം ചെയ്യുമെന്നും ജോസഫ് വ്യക്തമാക്കി.  മോൻസ് ജോസഫിന്റെ പ്രതികരണം ഇതിലും കടുത്തതായിരുന്നു. യുഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല. യുഡിഎഫിൽ നിന്ന് പോയവരെല്ലാം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് പോയത്.  എൽഡിഎഫിലെ അതൃപ്തർ ആരൊക്കെയാണെന്ന് കേരള കോൺഗ്രസിന് അറിയാത്തതും കെപിസിസി വ്യക്തമാക്കേണ്ടതുമായ  കാര്യമാണെന്നും മോൻസ് പറഞ്ഞു. 
വീണ്ടും തൃക്കാക്കര ഫലത്തിന്റെ കാര്യമെടുക്കാം. അടുത്ത കാലത്ത് കോൺഗ്രസ് നേതാക്കൾ ഐക്യത്തോടെ കാമ്പയിനിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഗ്രൂപ്പിസത്തിന്റ ലാഞ്ചനയൊന്നും അവിടെ കണ്ടതേയില്ല. ചിന്തൻ ശിബിറിന്റെ ആശയവും ഇതു തന്നെ. കടുത്ത പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ആരും ആകാശത്തു നിന്നിറങ്ങി വരില്ല. ഒരുമിച്ച് നിന്ന് ഐക്യത്തോടെ പാർട്ടിയുടെ നിലനിൽപ് ഉറപ്പിക്കുകയെന്നത് പ്രധാന ലക്ഷ്യമാണ്. ഇതിനിടയ്ക്ക് രമേശ് ചെന്നിത്തലയുടെ തുറന്നു പറച്ചിലുകൾ ഇന്ത്യൻ എക്‌സ്പ്രസ് അഭിമുഖത്തിൽ കണ്ടു. ലീഡർ കരുണാകരനെ മറിച്ചിടാൻ ഉത്സാഹിച്ചതിൽ ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. 90 കളുടെ തുടക്കത്തിലെ തിരുത്തൽവാദികളായിരുന്നു ജി. കാർത്തികേയൻ, എം.എ. ഷാനവാസ്, രമേശ് ചെന്നിത്തല തുടങ്ങിയവർ. കരുണാകരനെ പോലെ പ്രാപ്തിയുള്ള ഒരു നേതാവ്  ഇപ്പോൾ പാർട്ടിയിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമില്ല. പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളെ ചെന്നിത്തല ന്യായീകരിക്കുന്നുമുണ്ട്. 45 വർഷമായി പാർട്ടിയിൽ ഗ്രൂപ്പിസമുണ്ട്. കരുണാകരനും ആന്റണിയും കൈമാറിയ ദീപശിഖയാണത്. തന്റെ കൂടെ ഗ്രൂപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നവരാണ് കെ സുധാകരനും വി.ഡി സതീശനുമെന്ന് പറയാനും രമേശ് മറന്നിട്ടില്ല. തന്നെ ബി.ജെ.പി അനുകൂലിയായി ബ്രാൻഡ് ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം വാചാലനായി. 1982 ൽ ആദ്യമായി മത്സരിക്കാനിറങ്ങിയ കാലം മുതൽ കേൾക്കാറുള്ളതാണിത്. യഥാർഥത്തിൽ ബിജെപിയുമായി ഒത്തു കളിക്കുന്നത് സി.പി.എമ്മാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. ഭയം വോട്ടുകളാക്കി മാറ്റി ഇലക്ഷൻ ജയിച്ചു. രാഹുൽ ഗാന്ധിയെ 54 മണിക്കൂറും സോണിയ ഗാന്ധിയെ തുടർച്ചയായും ചോദ്യം ചെയ്യുന്ന ഇ.ഡി മുഖ്യമന്ത്രിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നതിൽ നിന്നു തന്നെ എല്ലാം വ്യക്തമാണെന്നാണ് ചെന്നിത്തല പറഞ്ഞത്. 

Latest News