റിയാദ്- വിശുദ്ധ ഹജ് കർമം നിർവഹിക്കണമെന്ന മോഹത്തോടെ മുഹമ്മദ് ഇർഫാൻ യാത്ര തുടങ്ങി. സൈക്കിൾ ചവിട്ടിയാണ് പുണ്യഭൂമിയിൽ പ്രവേശിക്കുക എന്ന കാരണത്താലാണ് പാക്കിസ്ഥാനിയായ ഇർഫാൻ ഇപ്പോഴെ യാത്ര തുടങ്ങുന്നത്. മക്കയിലെത്തുമ്പോഴേക്കും 99 ദിവസമെടുക്കും. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം തുറന്നുകാട്ടുന്നതിനും ലോകത്ത് സമാധാനം പുലരട്ടെയെന്ന് ആഗ്രഹിച്ചും ഇരുരാജ്യങ്ങളുടെയും പതാകകളും വഹിച്ചാണ് യാത്ര ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങൾ പിന്നിടേണ്ടതിനാൽ വിസ ലഭ്യമാക്കുന്നതിന് അധികൃതർ സഹായിക്കുമെന്ന് ഇർഫാൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ആദ്യം കറാച്ചി, പിന്നീട് ഇറാൻ, ശേഷം ഇറാഖ് അവിടെനിന്നാണ് സൗദിയിലേക്ക് പ്രവേശിക്കുകയെന്ന് മുഹമ്മദ് ഇർഫാൻ തന്റെ പദ്ധതി വിശദീകരിക്കുന്നു.