കോഴിക്കോട്- സില്‍വര്‍ ലൈനിന് ബദലായി കേരളത്തിലെ റെയില്‍വെ വികസനം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. കേരളത്തിന് മൂന്നാമത്തെ റെയലില്‍വേ ലൈന്‍ വേണമെന്നാവശ്യം ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിക്കും. നിലവിലുള്ള കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.
സില്‍വര്‍ ലൈനിന് ബദലായി റെയില്‍വേ വികസനമെന്ന കാഴ്ചപ്പാടാണ് ബിജെപി പ്രതിനിധി സംഘം മന്ത്രിയെ അറിയിക്കുക. നേരത്തെ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ബിജെപി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇ ശ്രീധരന്‍ ഉള്‍പ്പടെ വിദഗ്ധര്‍ കെറെയില്‍ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണുന്നത്.