തിരുവനന്തപുരം- വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗിനെക്കുറിച്ച് പരാതി ലഭിച്ച് നാലുദിവസമായിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച്, ആറ് ക്‌ളാസുകളിലെ കുട്ടികളെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിലും മ്യൂസിയം പോലീസിലും പരാതി നല്‍കിയത്. ഞായറാഴ്ച സ്‌കൂളില്‍ കുറച്ച് രക്ഷിതാക്കളെ മാത്രം വിളിച്ച് പി.ടി.എ യോഗം ചേര്‍ന്ന് ഉടന്‍ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇന്നലെ രാവിലെ സ്‌കൂളിലെത്തിയത്.എന്നാല്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയാറായില്ലെന്നും, തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോട് കളിയാക്കുന്ന തരത്തിലുള്ള മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്നും ആരോപിച്ച് രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയായിരുന്നു. ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനുശേഷം തുടര്‍നടപടി മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
സ്‌കൂളിലെത്തിയ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. റാഗിംഗ് പരാതിയില്‍ അടിയന്തര നടപടി വേണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് രക്ഷിതാക്കള്‍ മന്ത്രിയെ അറിയിച്ചു. സ്‌കൂളില്‍ സി.സി ടിവി സ്ഥാപിക്കാനുള്ള തുക എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമമെന്ന് സ്‌കൂളില്‍ നടന്ന സംഭവം പെരുപ്പിച്ചുകാട്ടി ഒരു വിഭാഗം രക്ഷിതാക്കള്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ആര്‍. പ്രദീപ് പറയുന്നു. പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സ്‌കൂള്‍ അധികൃതരും ആരോപിച്ചു.
ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയ സംഭവം സ്‌കൂള്‍ അധികൃതര്‍ ഒതുക്കിത്തീര്‍ത്ത വിവരവും റാഗിംഗിന് പിന്നാലെ പുറത്തുവന്നു. തന്റെ മകളെ സഹപാഠി നിര്‍ബന്ധിച്ച് ബീഡി വലിപ്പിച്ച സംഭവം കുട്ടിയുടെ അമ്മ തന്നെയാണ് മാധ്യ്യമങ്ങളോട് തുറന്നുപറഞ്ഞത്. അത് വെറും ബീഡിയല്ലെന്നും കഞ്ചാവായിരുന്നെന്നും നഴ്‌സ് കൂടിയായ അമ്മ അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥിനിക്ക് വാണിംഗ് കൊടുത്തെന്ന മറുപടിയാണ് സ്‌കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ചതെന്നാണ് ആരോപണം. സ്‌കൂളിലെ അദ്ധ്യാപകന്‍ തന്നെയാണ് കുട്ടിയുടെ ബാഗില്‍ നിന്ന് ബീഡി കണ്ടെത്തിയത്. തുടര്‍ന്ന് മകളെ ടി.സി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തതായും രക്ഷിതാവ് പറയുന്നു. സ്‌കൂളിലെ ബാത്ത്‌റൂമില്‍ നടന്ന റാഗിംഗ് വിവരം പുറത്തറിഞ്ഞതോടെ കുട്ടികളെ മൂത്രമൊഴിക്കാന്‍ വിടാതെ നടപടിയെടുത്ത് സ്‌കൂള്‍ അധികൃതര്‍. ആര്‍ത്തവ സമയങ്ങളില്‍പ്പോലും കുട്ടികളോട് ക്‌ളാസ് സമയത്ത് ബാത്ത്‌റൂമില്‍ പോകണ്ടെന്നും ഇന്റര്‍വെല്ലിന് മാത്രം ടോയ്‌ലെറ്റില്‍ വിട്ടാല്‍ മതിയെന്നാണ് തീരുമാനിച്ചതെന്നും കുട്ടികളോട് അധികൃതര്‍ പറഞ്ഞു. മൂവായിരത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് അധികൃതരുടെ നടപടി.
സ്‌കൂള്‍ അധികൃതര്‍ക്കു മുന്നില്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. റാഗിംഗ് നടത്തിയ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കിയ ശേഷം ടി.സി കൊടുക്കുക, സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുക എന്നിവയാണ് ആവശ്യം. റാംഗിംഗിന്റെ പേരില്‍ കുട്ടികള്‍ക്ക് ടി.സി നല്‍കാന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.