റിയാദ് - അനുവദനീയമായ പരിധിയിൽ കൂടുതൽ ലോഡ് കയറ്റുന്ന വാഹനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന തരത്തിൽ ഗതാഗത നിയമാവലിയിൽ ഭേദഗതികൾ വരുത്തി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉത്തരവിട്ടു. ഭേദഗതികൾ പ്രകാരം സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ അംഗീകരിച്ച ഭാരവും അളവുകളും ചരക്ക് വാഹനങ്ങൾ പാലിക്കൽ നിർബന്ധമാണ്.
അനുവദനീയമായ പരിധിയേക്കാൾ 200 കിലോഗ്രാം മുതൽ 2,000 കിലോഗ്രാം വരെ അധികം ഭാരം വഹിക്കുന്ന വാഹനങ്ങൾക്ക് കൂടുതലുള്ള ഓരോ 100 കിലോഗ്രാമിനും 200 റിയാൽ തോതിലാണ് പിഴ ചുമത്തുക. 2,100 കിലോഗ്രാം മുതൽ 5,000 കിലോഗ്രാം വരെ അധിക ഭാരം വഹിക്കുന്ന വാഹനങ്ങൾക്ക് ഓരോ 100 കിലോഗ്രാമിനും 300 റിയാൽ തോതിൽ പിഴ ചുമത്തും. 5,100 കിലോഗ്രാം മുതൽ 7,000 കിലോഗ്രാം വരെ അധിക ഭാരം വഹിക്കുന്ന ലോറികൾക്ക് ഓരോ 100 കിലോഗ്രാമിനും 400 റിയാൽ തോതിലും 7,100 കിലോഗ്രാം മുതൽ 10,000 കിലോഗ്രാം വരെ അധിക ഭാരം കയറ്റുന്ന ലോറികൾക്ക് ഓരോ 100 കിലോഗ്രാമിനും 500 റിയാൽ തോതിലും 10,100 കിലോഗ്രാമും അതിൽ കൂടുതലും അധിക ഭാരം വഹിക്കുന്ന ലോറികൾക്ക് ഓരോ 100 കിലോഗ്രാമിനും 800 റിയാൽ തോതിലും പിഴ ചുമത്തും.
50 കിലോഗ്രാം മുതൽ 100 കിലോഗ്രാം വരെ അധിക ഭാരം വഹിക്കുന്ന വാഹനങ്ങൾക്ക് 100 കിലോഗ്രാമിനുള്ള പിഴയാണ് ചുമത്തുക. 50 കിലോയിൽ കുറവ് അധിക ഭാരം വഹിക്കുന്ന വാഹനങ്ങൾക്ക് പിഴയൊന്നും ചുമത്തില്ല. ചരക്ക് വാഹനങ്ങളുടെ ബോഡിക്ക് അനുസരിച്ച് നിയമാനുസൃതം നിശ്ചയിച്ച അളവുകൾ പാലിക്കാതിരിക്കുന്നതിന് 10,000 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്ന ചരക്ക് ലോറികൾക്ക് പരമാവധി ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ചരക്ക് വാഹനങ്ങളുടെ ഭാരവും അളവുകളും പരിശോധിക്കുന്ന വെയ്ബ്രിഡ്ജുകൾ മറികടക്കുന്ന ലോറികൾക്ക് 5,000 റിയാൽ തോതിൽ പിഴ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാലിൽ കവിയാത്ത നിലക്ക് ഓരോ തവണയും ഇരട്ടി തുക പിഴ ചുമത്തും. അനുവദനീയമായ പരിധിയിൽ കൂടുതലുള്ള ഭാരം 2,500 കിലോഗ്രാമിൽ കവിയുന്ന പക്ഷം യാത്ര തുടരുന്നതിൽ നിന്ന് ലോറികളെ വെയ്ബ്രിഡ്ജുകൾ തടയുകയും പിഴ ചുമത്തുകയും ചെയ്യും.