റിയാദ് - പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ധരിക്കാത്തതിന് 349 ടാക്‌സി ഡ്രൈവർമാർക്ക് അതോറിറ്റി പിഴകൾ ചുമത്തി. വിവിധ പ്രവിശ്യകളിൽ നടത്തിയ ആറായിരത്തിലേറെ ടാക്‌സി പരിശോധനകളിലൂടെയാണ് യൂനിഫോം ധരിക്കാത്ത 349 ഡ്രൈവർമാരെ കണ്ടെത്തി പിഴകൾ ചുമത്തിയത്. ടാക്‌സി ഡ്രൈവർമാർക്ക് ജൂലൈ 12 മുതലാണ് യൂനിഫോം നിർബന്ധമാക്കിയത്. പബ്ലിക് ടാക്‌സികൾക്കും പ്രൈവറ്റ് ടാക്‌സികൾക്കും എയർപോർട്ട് ടാക്‌സികൾക്കും ഓൺലൈൻ ടാക്‌സി കമ്പനികൾക്കു കീഴിൽ ടാക്‌സി സർവീസ് നടത്തുന്നവർക്കും ഇത് ബാധകമാണ്.
യൂനിഫോം പാലിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ തോതിലാണ് പിഴ ചുമത്തുന്നത്. ചാര നിറത്തിൽ ഫുൾകൈയോടു കൂടിയ ഷർട്ടും കറുപ്പ് നിറത്തിലുള്ള പാന്റും ബെൽറ്റുമാണ് ടാക്‌സി ഡ്രൈവർമാരുടെ യൂനിഫോം. സൗദി ദേശീയ വസ്ത്രവും ധരിക്കാവുന്നതാണ്. കൂടാതെ തിരിച്ചറയിൽ കാർഡും തൂക്കണം. ആവശ്യാനുസരണം കോട്ടും ജാക്കറ്റും യൂനിഫോമിൽ ഉൾപ്പെടുത്താവുന്നതാണ്.
സേവന ഗുണമേന്മ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ മുഴുവൻ ടാക്‌സി കമ്പനികളും പാലിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. ടാക്‌സി കമ്പനികളുടെയും ഡ്രൈവർമാരുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് പൊതുഗതാഗത അതോറിറ്റി വെബ്‌സൈറ്റ് വഴിയും 19929 എന്ന നമ്പറിൽ ബന്ധപ്പെട്ടും റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് അതോറിറ്റി പറഞ്ഞു. സർവീസുകളുടെ ഗുണമേന്മ ഉയർത്താനും നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ടാക്‌സി നിയമാവലി അനുസരിച്ചാണ് ടാക്‌സി ഡ്രൈവർമാർക്ക് പൊതുഗതാഗത അതോറിറ്റി യൂനിഫോം നിർബന്ധമാക്കിയത്.