മലപ്പുറം- പതിറ്റാണ്ടുകൾക്ക് മുമ്പ് ഹജ് തീർത്ഥാടനത്തിന് ഇന്നത്തെ പോലെ യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്ത് കപ്പലുകളിൽ പോയി ഹജ് നിർവ്വഹിച്ചവർ ഓർമകളുമായി സംഗമിച്ചു. മലപ്പുറം മേൽമുറി സ്വലാത്ത് നഗറിൽ ബുധനാഴ്ച ആരംഭിക്കുന്ന ഹജ് ക്യാമ്പിന്റെ മുന്നോടിയായാണ് സംഗമം സംഘടിപ്പിച്ചത്. കഷ്ടപ്പാടുകൾ നിറഞ്ഞ ആ യാത്രയെ കുറിച്ചുള്ള ത്രസിപ്പിക്കുന്ന അനുഭവങ്ങളുമായാണ് വാർധക്യത്തിലെത്തിയ അവർ മേൽമുറി മഅ്ദിൻ കാമ്പസിൽ ഒത്തുകൂടിയത്.
ആധുനിക സൗകര്യങ്ങളുടെ പിന്തുണയോടെ ഇന്ന് പ്രയാസ രഹിതമായി ഹജ് കഴിഞ്ഞ് വരുന്നവർക്ക് വിശ്വസിക്കാനാകാത്തതായിരുന്നു സംഗമത്തിലെ യാത്രാ വിവരണങ്ങൾ. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നു ഉറപ്പിച്ചാണ് അന്നത്തെ ഹജ് യാത്രയെന്ന് അവർ സ്മരിച്ചു. ഹജിനു പോകും മുമ്പുള്ള യാത്ര പറച്ചിലും പൊരുത്തപ്പെടീക്കലുമൊക്കെ ദുഃഖം നിറഞ്ഞതായിരുന്നു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വിവിധ വർഷങ്ങളിൽ ഹജിന് പോയവരുടെ ആദ്യഘട്ട സംഗമമാണ് ഞായറാഴ്ച നടന്നത്. ഈ വർഷത്തെ ഹജിനോടനുബന്ധിച്ച് വിപുലമായ സംഗമമൊരുക്കുന്നുണ്ട്. ഹജുമായി ബന്ധപ്പെട്ട അപൂർവ്വ ഫോട്ടോകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന സംസ്ഥാന തല ഹജ് ക്യാമ്പിൽ ഇതുവരെ പതിനായിരത്തിൽപരം ഹാജിമാർ രജിസ്റ്റർ ചെയ്തു. ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങൾ, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവ ക്യാമ്പിൽ നൽകും.
ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം, സി.ഡി എന്നിവ ഉൾക്കൊള്ളുന്ന സൗജന്യ ഹജ് കിറ്റ് വിതരണം ചെയ്യും. വിദൂര സ്ഥലങ്ങളിൽ നിന്നെത്തിച്ചേരുന്നവർക്ക് താമസ സൗകര്യവും ഒരുക്കും.
ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി മുജീബ് റഹ്മാൻ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്റാഹീം ബാഖവി, അബൂബക്കർ സഖാഫി കുട്ടശ്ശേരി,ദുൽഫുഖാറലി സഖാഫി എന്നിവർ പ്രസംഗിച്ചു.