തിരുവനന്തപുരം- കള്ളപ്പണക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്‌ഐ ബിഷപ്പ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. നാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ ഹാജരാകണമെന്ന നിർദ്ദേശം ഇഡി ബിഷപ്പിന് നൽകിയിട്ടുണ്ട്. ബ്രിട്ടനിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഇഡി തടഞ്ഞത്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ നാലിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയിരുന്നത്. സിഎസ്‌ഐ സഭയുടെ ദക്ഷിണ കേരള ഇടവകയായ തിരുവനന്തപുരത്തെ എൽഎംഎസിലും റെയ്ഡ് നടന്നിരുന്നു. ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഓഫീസിലായിരുന്നു പ്രധാന പരിശോധന. കള്ളപ്പണം വെളുപ്പിച്ചെന്നും കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിച്ചെന്നുമുള്ള പരാതികളികളിലാണ് ഇ ഡി അന്വേഷണം. റെയ്ഡിനെ തുടർന്ന് ബിഷപ്പ് വിദേശത്തേക്ക് കടന്നേക്കുമെന്നുള്ള സൂചനകളെ തുടർന്ന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചിരുന്നു.
അതോടൊപ്പം അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നമ്പർ എമിഗ്രേഷൻ വിഭാഗത്തിന് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് കാരക്കോണം മെഡിക്കൽ കോളേജിലെ പരിശോധനകൾ പൂർത്തിയാക്കിയത്. ഇന്ന് പുലർച്ചെ ദുബായിലേക്കും അവിടെ നിന്നും യു കെയിലേക്കും പോകാനായിരുന്നു ബിഷപ്പ് പദ്ധതിയിട്ടിരുന്നത്. വിമാനത്താവളത്തിലെത്തിയ ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. പീന്നീട് ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ധർമരാജ് റസാലം ഇതോടെ ബിഷപ്പ് ഹൗസിലേക്ക് തിരികെ പോയി. നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ കാട്ടി ഇഡി ഉടൻ നോട്ടീസ് നൽകും. അതേസമയം, സഭാ സെക്രട്ടറി പ്രവീൺ ഇപ്പോഴും ഒളിവിലാണ്.