Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗോപിനാഥൻ പിള്ളയുടെ മരണം:  പോലീസ് ഉന്നതതല അന്വേഷണം

ആലപ്പുഴ- ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥൻ പിള്ളയുടെ അപകട മരണം സംബന്ധിച്ച് പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടൽ കേസിലെ പ്രധാന സാക്ഷിയായ ഗോപിനാഥ പിള്ളയുടെ അപകട മരണത്തിൽ പല ഭാഗങ്ങളിൽനിന്നും സംശയം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം.
അപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങളിലെ ജീവനക്കാരിൽനിന്നും പരിസരവാസികളിൽ നിന്നും മൊഴി എടുത്തു വരികയാണ്. ദേശീയ തലത്തിൽ പ്രാധാന്യമർഹിക്കുന്ന കേസ് ആയതിനാലും ഉത്തരേന്ത്യയിൽ പല കേസുകളിലും സാക്ഷികൾ അപകടത്തിൽ മരിക്കുന്നതിനാലും ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. 
ഫോറൻസിക് വിദഗ്ധരും സയന്റിഫിക് വിദഗ്ധരും അപകട സ്ഥലത്തു പരിശോധന നടത്തി. ഇടിച്ച ഭാഗത്തെ പരിശോധനയിലൂടെ ഗോപിനാഥൻ പിള്ളയുടെ കാറിൽ ഇടിച്ച വാഹനങ്ങൾ ഏതൊക്കെയെന്നു കണ്ടെത്തുന്നതിനുള്ള ശ്രമമാണു നടത്തുന്നതെന്നു ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു. 
കഴിഞ്ഞ 11 നു ദേശീയപാതയിൽ വയലാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഗോപിനാഥൻ പിള്ള കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച മരിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും ഗോപിനാഥൻ പിള്ളയുടെ അഹമ്മദാബാദിലെ അഭിഭാഷകൻ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപകടത്തിനു ശേഷം വാഹനങ്ങളിൽ ഒന്ന് നിർത്താതെ പോയെന്നു പരിസര വാസികൾ വെളിപ്പെടുത്തിയതോടെയാണു പോലീസിനു സംശയം ഉയർന്നത്. തുടർന്നു സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടശേഷം നിർത്താതെ പോയ ടാങ്കർ ലോറി ചാലക്കുടിയിൽ നിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തു.
അപകട സമയത്തുണ്ടായിരുന്ന രണ്ടു മിനി ലോറികൾ, ടാങ്കർ ലോറി, കാർ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപിനാഥൻ പിള്ളയുടെ കാറിന്റെ പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്നു മീഡിയൻ കടന്നു നാലുവരിപ്പാതയുടെ എതിർഭാഗത്തെ ട്രാക്കിൽ എത്തിയ കാറിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം. സംഭവ സമയത്ത് എട്ടു വാഹനങ്ങൾ അപകട സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇതിൽ നാലു വാഹനങ്ങൾ മാത്രമാണ് കണ്ടെത്താനായത്. ഏറ്റവും മുന്നിൽ മിനിലോറിയും അതിനു പിന്നാലെ രണ്ടു കാറുകളും ടാങ്കർ ലോറിയും മറ്റു വാഹനങ്ങളും പോകുന്ന ദൃശ്യം സി.സി.ടി.വിയിൽ നിന്നും പോലീസ് ശേഖരിച്ചു.
ഗോപിനാഥ പിള്ളയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം പരാതി നൽകുന്ന കാര്യം ആലോചിക്കുമെന്നു ഏറ്റുമുട്ടൽ കേസിലെ അഭിഭാഷകൻ ഷംഷദ് പഠാൻ പറഞ്ഞു. പ്രാണേഷ് കുമാർ ഇന്റലിജൻസ് ബ്യൂറോയ്ക്കു വിവരം നൽകുന്ന ആളായിരുന്നുവെന്ന ഗോപിനാഥൻ പിള്ളയുടെ മൊഴി പ്രധാനമാണ്.
പിള്ളയുടെ മരണത്തിലൂടെ സി.ബി.ഐയുടെ പ്രധാന സാക്ഷിയാണ് നഷ്ടപ്പെടുന്നതെന്നും ഷംഷദ് പഠാൻ പറഞ്ഞു.
അതേസമയം, അപകടത്തിൽ ദുരൂഹതയില്ലെന്നു പിള്ളയുടെ സഹോദരൻ മാധവൻ പിള്ള പറഞ്ഞു. മാധവൻ പിള്ള ഓടിച്ച കാറിൽ കൊച്ചിയിൽ ചികിത്സയ്ക്കു പോകുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചയോടെ താമരക്കുളത്തെ വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ സംസ്‌കാരം നടത്തി.


 

Latest News