അബുദാബി- ഇസ്ലാമിക പുതുവര്‍ഷത്തോടനുബന്ധിച്ച് (1444) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജൂലൈ 30 ശനിയാഴ്ച ശമ്പളമുള്ള അവധിയായിരിക്കും.
2021ലും 2022ലും പൊതുസ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികള്‍ ഏകീകരിക്കാന്‍ യു.എ.ഇ കാബിനറ്റ് പുറപ്പെടുവിച്ച ഉത്തരവിന് അനുസൃതമായാണ് ഇതെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പറഞ്ഞു. ഇതനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ദേശീയവും മതപരവുമായ ദിനങ്ങളില്‍ ഔദ്യോഗിക അവധി ബാധകമാണ്.
ഈ മാസം ആദ്യം, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസിലെ അംഗമായ ഇബ്രാഹിം അല്‍ ജര്‍വാന്‍, ഇസ്ലാമിക പുതുവര്‍ഷം ഈ വര്‍ഷം ജൂലൈ 30 ന് വരുമെന്ന് അഭിപ്രായപ്പെട്ടു.
അടുത്ത ഔദ്യോഗിക അവധിയും ഒരു ശനിയാഴ്ചയാണ് ഒക്ടോബര്‍ 8, മുഹമ്മദ് നബി (സ) യുടെ ജന്മദിനം പ്രമാണിച്ചാണ് അവധി. ഡിസംബര്‍ 1, 2, 3 എന്നിവയും അവധി ദിവസങ്ങളായിരിക്കും.