ദോഹ- ഓഗസ്റ്റ് ഒന്നു മുതല്‍ ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണം നിര്‍ബന്ധമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍). മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്നാണ് നിബന്ധന.
വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പ്ലാന്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കാന്‍ ടാങ്കര്‍ ഉടമകള്‍ക്ക് അഞ്ചു മാസത്തെ സമയമാണ് അധികൃതര്‍ അനുവദിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്. ഇതിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 1 മുതലാണ് സ്വീകരിച്ചു തുടങ്ങിയത്.
പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ അല്ല പുറന്തള്ളുന്നത് എന്നുറപ്പാക്കാന്‍ ടാങ്കറുകളെ നിരീക്ഷിക്കുന്നതിനാണ് ട്രാക്കിങ് സംവിധാനം. ട്രാക്കിങ് ഉപകരണം സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ നല്‍കിയിട്ടുള്ള ടാങ്കര്‍ ഉടമകള്‍ക്ക് ഓരോ ടാങ്കറുകള്‍ക്കുമായി പ്രത്യേക സിം കാര്‍ഡുകളാണ് സല്‍വ റോഡിലെ അഷ്ഗാല്‍ കസ്റ്റമര്‍ സര്‍വീസില്‍ നിന്ന് ലഭിക്കുക.