Sorry, you need to enable JavaScript to visit this website.

മൂന്നാറിലെ ജ്വല്ലറിയിലെ മോഷണം; വീട്ടമ്മ ചെന്നൈയില്‍ പിടിയില്‍

മൂന്നാര്‍- ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച്് കടന്ന കേസില്‍ വീട്ടമ്മയെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ റോയ പുരം സ്വദേശിനി രഹാന ഹുസൈന്‍ ഫറൂഖ്(47) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മോഷണമുതലായ 38 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളും കണ്ടെടുത്തു. 16നാണ് ജിഎച്ച് റോഡിലെ ഐഡിയല്‍ ജ്വല്ലറിയില്‍ നിന്ന് ഇവര്‍ സ്വര്‍ണം മോഷ്ടിച്ചത്.
കോയമ്പത്തൂര്‍ സ്വദേശിയാണെന്നും മലേഷ്യയില്‍ സ്ഥിര താമസമാണെന്നും കടയിലുള്ളവരെ  വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ 14 നാണ് രഹാനയും മകനും ബന്ധുക്കളുമടങ്ങുന്ന സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. സന്ദര്‍ശന ശേഷം മടങ്ങിയ ദിവസമാണ് ഇവര്‍ തനിച്ച് ജ്വല്ലറിയിലെത്തി മോഷണം നടത്തിയത്.
രാവിലെ കടയിലെത്തിയ ഇവര്‍ മൂന്ന് ജോഡി കമ്മലും ഒരു കൈചെയിനും വാങ്ങിയ ശേഷം ബില്‍ തുകയായ 78000 രൂപ നല്‍കി. ഇതിന് ശേഷം അഞ്ച് പവന്‍ തൂക്കം വരുന്ന മറ്റൊരു മാല, വൈകിട്ട് ഭര്‍ത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാന്‍സും നല്‍കിയ ശേഷം പോയി. രാത്രിയില്‍ കടയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് മാലകള്‍ കുറവുള്ളതായി ജീവനക്കാര്‍ കണ്ടെത്തിയത്.
കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധ മാറുന്ന സമയത്ത് മാലകള്‍ അതിവിദഗ്ധമായി കൈക്കലാക്കി കൈയിലിരുന്ന ബാഗില്‍ ഇടുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് കടയുടമ പോലീസില്‍ പരാതി നല്‍കി. ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തില്‍ കയറി പോകുന്നത് കണ്ടത്. പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

 

Latest News