Sorry, you need to enable JavaScript to visit this website.

യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കാഡ് വോട്ട്,   നുണ ബോംബുകള്‍ തകരട്ടെ-  മന്ത്രി റിയാസ്

തിരുവനന്തപുരം- രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് റെക്കാഡ് വോട്ടാണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുന്‍പ് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ കണക്ക് പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. നുണ ബോംബുകളെ നിര്‍വീര്യമാക്കാന്‍ കണക്കുകള്‍ സംസാരിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നുവെന്നും ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് 


'നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍,
കണക്കുകള്‍ സംസാരിക്കട്ടെ.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് ബി ജെ പി വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു. എന്നാല്‍,ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത്‌സിന്‍ഹക്ക് ലഭിച്ചത് റെക്കാഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.

കണക്കുകള്‍ ശബ്ദിക്കട്ടെ...

നുണ ബോംബുകള്‍ തകരട്ടെ...

പി എ മുഹമ്മദ് റിയാസ് 
 

Latest News