ആലപ്പുഴ- ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ ഷുക്കൂറും നിയമനത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ദൗര്‍ഭാഗ്യകരമായ നടപടിയാണ് ശ്രീറാമിന്റെ നിയമനമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചപ്പോള്‍ ശ്രീറാമിന്റെ നിയമനത്തിന് പിന്നില്‍ മറ്റ് ചില താല്‍പര്യങ്ങളാണെന്നാണ് എ.എ ഷുക്കൂര്‍ പറഞ്ഞത്.
ശ്രീറാമിന്റെ നിയമനത്തിനെതിരെ സമരം തുടങ്ങേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. 'ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കുറ്റാരോപിതനായ ഒരു വ്യക്തിയ്ക്ക് ജില്ലയുടെ പൂര്‍ണാധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ല.' കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം എന്ന് അഭിപ്രായപ്പെട്ട ഷുക്കൂര്‍ കൊലപാതകം പോലെ ദാരുണമായ മരണത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാമെന്ന് ഓര്‍മ്മിപ്പിച്ചു. ഈ നിയമനത്തിന് പിന്നില്‍ മറ്റ് പല താല്‍പര്യവുമുണ്ടെന്നും അതനുവദിക്കില്ലെന്നും എ.എ ഷുക്കൂര്‍ പറഞ്ഞു. തലസ്ഥാനത്ത് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അപകടത്തില്‍പെട്ട കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ മറ്റൊരു പ്രതിയുമാണ്.