നെടുമ്പാശ്ശേരി- എല്ലാവര്‍ക്കും വിമാന യാത്ര എന്ന ആശയവുമായി ആരംഭിക്കുന്ന ആകാശ എയറില്‍ ടിക്കറ്റിംഗ് ബുക്കിംഗ് തുടങ്ങി. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്റെ കേരളത്തിലെ സര്‍വീസ് കൊച്ചിയില്‍നിന്നാണ്. ഓഗസ്റ്റ് ഏഴു മുതലാണ് ആകാശയുടെ സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചിക്ക് പുറമേ, അഹമ്മദാബാദ്, ബംഗളൂരു, മുംബൈ നഗരങ്ങളിലാണ് സര്‍വീസ് തുടങ്ങുന്നത്.
മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 28 സര്‍വീസുകളാണ് ആകാശ എയറിനുള്ളത്. ആഗസ്റ്റ് 13 മുതല്‍ കൊച്ചി-ബംഗളൂരു റൂട്ടിലും സര്‍വീസ് ആരംഭിക്കും. രണ്ട് ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ചാവും സര്‍വീസ്.
ജൂലൈ ഏഴിന് ഡി.ജി.സി.എ ആകാശ എയറിന് അന്തിമാനുമതി നല്‍കിയിരുന്നു. ബോയിങ്ങില്‍ നിന്നും 72 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് ആകാശ എയര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ മറ്റ് ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 500 മുതല്‍ 600 രൂപയുടെ കുറവ് ആകാശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇന്‍ഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുമെന്നാണ് ആകാശയുടെ അവകാശവാദം.
കോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയുടെയും ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള ആകാശ എയര്‍ലൈന്‍ 2021 ഓഗസ്റ്റിലാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയത്. ഇതിനകം 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.