തിരുവനന്തപുരം- ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം അശ്രദ്ധമായി ഓടിച്ച ബസിനടിയില്‍പ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ െ്രെഡവര്‍ ശൈലേഷ് കെ.വിയെയാണ് വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ശരിയായ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ അശ്രദ്ധമായി മറികടന്നെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
അപകടത്തില്‍ ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന് പരിക്കേല്‍ക്കുകയും ചെയ്തു.