ഗോള്‍ഡ് കോസ്റ്റ്- വനിതാ ബാഡ്മിന്റണിലെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് സയ്‌ന നെവാള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ 21-18, 23-21 എന്ന സ്‌കോറിന് സയ്‌ന സിന്ധുവിനെ മറികടന്നു. ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്.
ഫൈനലില്‍ ഇരുവരും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ ഗെയിം സ്വന്തമാക്കിയ സയ്‌നക്കെതിരെ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്റ് വരെ മുന്നിട്ട് നിന്നു. അവസാന നിമിഷങ്ങളില്‍ സിന്ധു പതറി.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മുന്‍ ലോക ഒന്നാം നമ്പറായ മലേഷ്യയുടെ ലീചോങ് വിയെ നേരിടുകയാണ്. പുരുഷ ഡബിള്‍സ് ഫൈനലിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. സാത്വിക് റെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യമാണ് സ്വര്‍ണംനേടി ഇന്ന് കോര്‍ട്ടില്‍ ഇറങ്ങുന്നത്.
21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് സമാപിക്കും. 26 സ്വര്‍ണവും 17 വെള്ളിയും 19 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.