Sorry, you need to enable JavaScript to visit this website.

സിംഗിൾസ് ഫൈനലിൽ  സിന്ധു-സയ്‌ന

ഗോൾഡ് കോസ്റ്റ്- കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ പി.വി. സിന്ധുവും സയ്‌ന നെവാളും നേർക്കുനേർ. കരേറ സ്‌പോർട്‌സ് അരീനയിൽ പ്രാദേശിക സമയം 9.50 ഓടെയാവും ഇന്ത്യൻ സൂപ്പർ താരങ്ങളുടെ പോരാട്ടം. ആരു ജയിച്ചാലും ഇന്ത്യക്ക് സ്വർണവും വെള്ളിയും ഉറപ്പ്. 
റിയോ ഒളിംപിക്‌സിലെ വെള്ളി ജേതാവായ സിന്ധു ഇന്നലെ സെമിയിൽ നിലവിലെ ചാമ്പ്യനായ കാനഡയുടെ മിഷെലി ലീയെ വെറും 26 മിനിറ്റിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു. സ്‌കോർ: 21-18, 21-8.
ലണ്ടൻ ഒളിംപിക്‌സിൽ വെങ്കല ജേതാവായ സയ്‌ന സെമിയിൽ തോൽപിച്ചത് ഗ്ലാസ്‌ഗോയിലെ വെള്ളി മെഡൽ ജേതാവായ സ്‌കോട്ട്‌ലന്റിന്റെ ക്രിസ്റ്റി ജൽമറെ. സ്‌കോർ 21-14, 18-21, 21-17.
പുരുഷ സിംഗിൾസ് ഫൈനലിൽ സ്വർണ പ്രതീക്ഷയുമായി കെ. ശ്രീകാന്തും ഇന്ന് ഇറങ്ങുന്നുണ്ട്. മലേഷ്യയുടെ ലീ വെയ് ചോങ്ങാണ് ലോക ഒന്നാം നമ്പർ താരത്തിന്റെ എതിരാളി. 2010ലെ ദൽഹി ഗെയിംസിൽ വെള്ളി നേടിയ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെയാണ് ശ്രീകാന്ത് സെമിയിൽ തോൽപിച്ചത്. സ്‌കോർ: 21-10, 21-17.


പുരുഷ ഡബിൾസ് ഫൈനലിൽ സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇംഗ്ലണ്ടിന്റെ മാർക്കസ് എല്ലിസ്-ക്രിസ് ലാൻഡ്രിഡ്ജ് സഖ്യത്തെ നേരിടും. ഗെയിംസിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യയുടെ അവസാനത്തെ സ്വർണ മെഡൽ മത്സരവും ഇതാണ്.
വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യം നേടിയ വെങ്കലമാണ് ഇന്നലെ ബാഡ്മിന്റണിൽ ഇന്ത്യ നേടിയ ഏക മെഡൽ. ഓസ്‌ട്രേലിയൻ ജോടിയെ നേരിട്ടുള്ള സെറ്റുകളിലാണ് അവർ തോൽപിച്ചത്. പുരുഷ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ എച്ച്.എസ് പ്രണോയ് രാജീവ് ഔസേപ്പിനോട് തോറ്റു.
മിക്‌സ്ഡ് ഡബിൾസ് വെങ്കല മെഡൽ മത്സരത്തിൽ സാത്വിക് രങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം മലേഷ്യൻ ജോടിയോട് തോറ്റു.
 

Latest News