- മേരികോമിനും, നീരജ് ചോപ്രക്കും ചരിത്ര നേട്ടം
- ബോക്‌സിംഗിൽ മൂന്നും, ഗുസ്തിയിൽ രണ്ടും സ്വർണം
- മനിക ബത്രയും സഞ്ജീവ് രാജ്പുത്തും സ്വർണമണിഞ്ഞു
ഗോൾഡ് കോസ്റ്റ്- സ്വർണ തീരത്ത് ഇന്ത്യയുടെ സ്വർണക്കൊയ്ത്ത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട പത്താം ദിനം എട്ട് സ്വർണ മെഡലുകളാണ് രാജ്യത്തിന്റെ അഭിമാന താരങ്ങൾ സ്വന്തമാക്കിയത്. കൂടാതെ അഞ്ച് വെള്ളിയും നാല് വെങ്കലവും.
ഇതാദ്യമായി കോമൺവെൽത്ത് ഗെയിംസ് സ്വർണമണിഞ്ഞ മേരികോം അടക്കം മൂന്ന് സ്വർണ മെഡലുകളാണ് ബോക്‌സിംഗിൽ ഇന്നലെ ഇന്ത്യ നേടിയത്. ഗുസ്തിയിൽ രണ്ട് സ്വർണം നേടിയപ്പോൾ, ജാവലിൻ ത്രോയിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ നീരജ് ചോപ്ര സ്വർണം എറിഞ്ഞു വീഴ്ത്തി. ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ മനിക ബത്രയും, ഷൂട്ടിംഗിൽ സഞ്ജീവ് രാജ്പുത്തുമാണ് മറ്റ് സ്വർണ ജേതാക്കൾ.
പത്താം ദിവസത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 25 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.
ബോക്‌സിംഗിൽ മൊത്തം ആറ് മെഡലുകളാണ് ഇന്നലെ ഇന്ത്യ വാരിയത്. ഇതാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്ന മുൻ ലോക ചാമ്പ്യൻ മേരികോമിന്റെ സ്വർണത്തിനായിരുന്നു കൂട്ടത്തിൽ ഏറ്റവും തിളക്കം. വനിതകളുടെ 45-48 കിലോ വിഭാഗം ഫൈനലിൽ 35 കാരി തോൽപിച്ചത് തന്നെക്കാൾ 14 വയസ്സ് കുറവുള്ള വടക്കൻ അയർലന്റിന്റെ ക്രിസ്റ്റീന ഒഹാരയെ. അഞ്ച് റൗണ്ട് നീണ്ട മത്സരത്തിൽ 5-0 നായിരുന്നു അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോമിന്റെ വിജയം.
പുരുഷന്മാരുടെ 52 കിലോ വിഭാഗത്തിൽ വികാസ് കൃഷ്ണനും, 75 കിലോ വിഭാഗത്തിൽ ഗൗരവ് സോളങ്കിയുമാണ് ബോക്‌സിംഗിലെ മറ്റ് സ്വർണ ജേതാക്കൾ. മനീഷ് കൗശിക് (60 കിലോ), അമിത് പംഗൽ (46-49), സതീശ് കുമാർ (91 പ്ലസ്) എന്നിവർ വെള്ളിയും നേടി.
കാമറൂണിന്റെ ഡിയുഡോൺ വിൽഫ്രീഡ് സെയി എൻടിസെൻഗ്യുവിനെ തോൽപിച്ചാണ് വികാസ് കൃഷ്ണൻ സ്വർണം നേടുന്നത്. സോളങ്കി വടക്കൻ അയർലന്റിന്റെ ബ്രെൻഡൻ ഇർവിനെയും.
ഗുസ്തിയിൽ വിനേഷ് ഫോഗത്തും, സുമിത് ട്രയംഫിംഗുമാണ് സ്വർണം നേടിയത്. എന്നാൽ റിയോ ഒളിംപിക്‌സിലെ വെങ്കല ജേതാവ് സാക്ഷി മാലിക്കിന് ഇവിടെയും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോൾഡ് കോസ്റ്റിലെ ഇന്ത്യയുടെ അമ്പതാമത് മെഡലായിരുന്നു സാക്ഷിയുടെ വെങ്കലം.
വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് ഫോഗത്തിന്റെ സ്വർണം. കാനഡയുടെ ജെസ്സീക മക്‌ഡൊണാൾഡിനെ 13-3 നാണ് വിനേഷ് ഫൈനലിൽ തോൽപിച്ചത്.
പുരുഷന്മാരുടെ 125 കിലോ വിഭാഗം ഫൈനലിൽ ഗോദയിലിറങ്ങാതെ തന്നെ സുമിത് സ്വർണം നേടി. നൈജീരിയയുടെ സിനിവീ ബോൾട്ടിക് പരിക്കുമൂലം മത്സരത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈലിൽ സോംവീർ വെങ്കലം നേടി.
ഷൂട്ടിംഗിൽ ഗെയിംസ് റെക്കോഡോടെയാണ് സഞ്ജീവ് രാജ്പുത് സ്വർണം നേടുന്നത്. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ സഞ്ജീവ് 454.4 സ്‌കോർ ചെയ്തു. മറ്റൊരു ഇന്ത്യൻ താരം ചെനായി സിംഗിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാനഡയുടെ ഗ്രിഗോർസ് സിച് വെള്ളിയും, ഇംഗ്ലണ്ടിന്റെ ഡീൻ ബെയ്ൽ വെങ്കലവും നേടി.
അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്ന നീരജ് ചോപ്ര നേടിയത്. 86.47 മീറ്റർ എറിഞ്ഞ നീരജിന്റേത് സീസണിലെ മികച്ച പ്രകടനമാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണം നേടുന്നത്. 77.87 മീറ്റർ എറിഞ്ഞ വിപിൻ കഷാന അഞ്ചാം സ്ഥാനത്തായി.
പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൻ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ 4-400 മീറ്റർ റിലേയിൽ ഇന്ത്യ ഏഴാമതായി. പുരുഷന്മാരുടെ 4-400 മീറ്റർ റിലേയിലാവട്ടെ ഇന്ത്യൻ ടീമിന് പൂർത്തിയാക്കാനായില്ല.
ട്രിപ്പിൾ ജമ്പിൽ ഗ്ലാസ്‌ഗോയിലെ വെങ്കല മെഡൽ ജേതാവ് അർപീന്ദർ സിംഗ് നാലാമതായി. ഈയിനത്തിൽ ഫൈനലിൽ മത്സരിക്കേണ്ടിയിരുന്ന മലയാളി താരം രാകേഷ് ബാബുവിനെ ബാഗിൽ സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യനാക്കിയിരുന്നു.
ഹോക്കിയിൽ പുരുഷ, വനിതാ ടീമുകൾ വെറുംകയ്യോടെ മടങ്ങുകയാണ്. ഇരുവിഭാഗത്തിലും ഇംഗ്ലണ്ടിനോടാണ് ഇന്ത്യ വെങ്കല മെഡൽ മത്സരങ്ങളിൽ തോറ്റത്. പുരുഷ 2-1നും, വനിതകൾ 6-0നും.