Sorry, you need to enable JavaScript to visit this website.

പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം: മൂന്നു പോലീസുകാർക്ക് സസ്‌പെൻഷൻ

വടകര- കോഴിക്കോട് വടകരയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പോലീസുകാരെ സസ്‌പെന്റ് ചെയ്തു. വടകര താഴേ കോലോത്ത് പൊൻമേരിപറമ്പിൽ സജീവൻ (42) മരിച്ച സംഭവത്തിലാണ് സസ്‌പെൻഷൻ. വടകര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. നിജീഷ്, എ.എസ്.ഐ. അരുൺ, സി.പി.ഒ. ഗിരീഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. വാഹനാപകടക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് സജീവനെ കസ്റ്റഡിയിൽ എടുത്തത്. വടകര തെരുവത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തെ തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ റോഡിൽ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിൽ, ഇതിൽ ഒരു കാറിൽ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരിൽ മർദിച്ചെന്നും സജീവൻ സ്‌റ്റേഷന് മുമ്പിൽ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 
സ്‌റ്റേഷനിൽ തന്നെ സജീവൻ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടൻ എസ്.ഐ. അടിച്ചെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. ഇരുപത് മിനുറ്റോളം സജീവനെ സ്റ്റേഷനിൽ പിടിച്ചുവെച്ചിരുന്നു. തുടർന്നാണ് ഓട്ടോയിൽ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 
സജീവന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ, ബൈജു നാഥ് ആവശ്യപ്പെട്ടു. സജീവന്റെ മരണത്തിന് ഇടയാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എയും രംഗത്തെത്തി. 
കെ.കെ രമയുടെ വാക്കുകൾ:
വാഹനാപകടത്തെ തുടർന്ന് വടകര പോലീസ് കസ്റ്റഡയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.
ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം ആവർത്തിക്കുകയാണ്. ദിനംപ്രതി സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ.
സത്യസന്ധമായ അന്വേഷണവും നടപടികളും ഉണ്ടാവുന്നില്ല എന്നതാണ് ഇതാവർത്തിക്കാനുള്ള കാരണം. പോലീസ് സ്‌റ്റേഷനുകളും, 
പോലീസ് സംവിധാനവും സാധാരണക്കാരന്റെ ജീവൻ സംരക്ഷിക്കുന്ന കേന്ദ്രങ്ങളാവുന്നതിനു പകരം ജീവനപഹരിക്കുന്ന ഇടങ്ങളായി മാറുന്നതിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണം.
മർദ്ദനത്തിനിരയായി അവശനായ സജീവൻ താൻ അസുഖബാധിതനാണെന്നും വയ്യായ്ക അനുഭവപ്പെടുന്നതിനാൽ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടും പോലീസ് അത് കാര്യമാക്കിയില്ല  എന്നാണ് ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഒടുവിൽ സ്‌റ്റേഷന് പുറത്തു കുഴഞ്ഞുവീണ സജീവൻ ഒരു ഓട്ടോ െ്രെഡവറുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആശുപത്രിയിലേക്ക് എത്തുകയും, വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് മനസിലാക്കുന്നത്. ഒരുപക്ഷെ നേരത്തെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായിരുന്നെങ്കിൽ ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സജീവന്റെ കുടുംബത്തിന് നീതിയുറപ്പുവരുത്താനും സർക്കാർ തയ്യാറാവണം. സജീവന്റെ ദാരുണമായ വിയോഗത്തിൽ അനുശോചനമറിയിക്കുന്നതോടൊപ്പം കുടുംബത്തിനും സുഹൃത്തുക്കൾക്കും ആ നാടിനുമുണ്ടായ തീരാദുഖത്തിൽ പങ്കുചേരുന്നു.
കെ.കെ.രമ
 

Latest News