Sorry, you need to enable JavaScript to visit this website.

മോഡിയെ വാഴ്ത്തി കെ.വി. തോമസ്; കോൺഗ്രസ് വിശദീകരണം തേടി 

കൊച്ചി - പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവും എം.പിയുമായ പ്രൊഫ. കെ.വി. തോമസ് വിവാദത്തിൽ. കോൺഗ്രസ് നേതൃത്വം കെ.വി. തോമസിനോട് വിശദീകരണം തേടി. തന്റെ തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നാണ് തോമസ് പറഞ്ഞത്. സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോഡിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലായിരുന്നു അഭിപ്രായ പ്രകടനം. എന്നാൽ താൻ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ജനങ്ങളിൽ  തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതെന്ന് കെ.വി. തോമസ് വിശദീകരിച്ചു. പ്രധാനമന്ത്രി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും എന്നാൽ അവ  മാനേജ്‌മെന്റ് സ്‌കില്ലോടുകൂടി നടപ്പാക്കുന്നുവെന്നുമാണ് താൻ പറഞ്ഞത്. 
അതേസമയം കതുവ, ഉന്നാവ് പീഡനങ്ങളിലും ദളിത് ന്യൂനപക്ഷ ആക്രമണങ്ങളിലും സ്വീകരിച്ച സമീപനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിക്കൂട്ടിൽ നിൽക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന് സ്തുതി പാടിയ കെ.വി. തോമസിന്റെ നടപടി മതനിരപേക്ഷ വാദികളെയാകെ വെല്ലുവിളിക്കുന്നതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് കുറ്റപ്പെടുത്തി.  സംഭവം വിവാദമായതോടെയാണ് തോമസിൽനിന്ന് വിശദീകരണം തേടുമെന്ന് കെ.പി.സി.സി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ എം.എം. ഹസൻ വേണ്ടതു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest News