തിരുവനന്തപുരം- ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ. രമയ്ക്കു ഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും- പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്തില്‍ ഇങ്ങനെയാണ് പറയുന്നത്. തെളിവടക്കം എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും എതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച കെ.കെ.രമയ്ക്കെതിരെ മുന്‍ മന്ത്രി എം.എം. മണി 'വിധവയായത് വിധി' പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയെ നിരന്തരം വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് രമയ്ക്കെതിരെ പരാമര്‍ശം നടത്തിയതെന്നായിരുന്നു എം.എം.മണിയുടെ വിശദീകരണം. സ്പീക്കര്‍ എം.ബി.രാജേഷ് ഇതിനെതിരെ രംഗത്തെത്തിയതോടെ മണി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.