കോഴിക്കോട്- കശ്മീരി പിഞ്ചു ബാലികയുടെ രക്തം കൊണ്ട് ക്ഷേത്രം പങ്കിലമായ സാഹചര്യത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിലും ശുദ്ധികലശം നടത്തണമെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. ആസിഫ സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഡോ.എം.കെ. മുനീർ എം.എൽ.എ അധ്യക്ഷനായി. പി.കെ. ഫിറോസ്, അഡ്വ.നൂർബിന റഷീദ്, നജീബ് കാന്തപുരം പ്രസംഗിച്ചു.
മനുഷ്യരെയാകെയും ഹിന്ദുക്കളെ വിശേഷിച്ചും നാണം കെടുത്തിയ സംഭവമാണ് കശ്മീരിലുണ്ടായതെന്ന് രാമനുണ്ണി പറഞ്ഞു. ആസിഫയുടെ സംഭവത്തിലെ വേദനക്കൊപ്പം നിന്നാലേ എന്റെ വിഷു പൂർത്തിയാവുയുള്ളൂ. ഐ.എസ് ഇസ്‌ലാമല്ല എന്ന് മുസ്‌ലിംകൾ ബോർഡ് വെച്ചതുപോലെ ഈ കാപാലികർ ഹിന്ദുക്കളല്ലെന്ന് പ്രഖ്യാപിക്കാൻ ഹൈന്ദവർ മുതിരണം. കേരളത്തിലെ ക്ഷേത്രങ്ങളും ഇതിന്റെ പേരിൽ ശുദ്ധികലശം നടത്തിയാലേ ഹൈന്ദവ ധർമം പുലരുകയുള്ളൂ.
ദൽഹിയിൽ പെൺകുട്ടി കൂട്ടബലാൽസംഗം ചെയ്യപ്പെട്ട സംഭവം കുറ്റകൃത്യം മാത്രമാണെങ്കിൽ ഇവിടെ നിഷ്ഠുര ബലാൽസംഗത്തെയും കൊലയെയും ഹൈന്ദവതയുടെ പേരിൽ ലളിതവൽക്കരിക്കാൻ ശ്രമം നടന്നു. പവിത്രമായ ക്ഷേത്രം മലിനമാക്കിയവരെ ന്യായീകരിക്കാൻ ഒരുങ്ങിയവർ ഹിന്ദുവിന്റെ പേരിലാണ് സംസാരിച്ചതെന്നത് ഓരോ ഹൈന്ദവനെയും നാണം കെടുത്തുന്നതാണ്. ഒരു സമൂഹത്തെ ഇല്ലാതാക്കുന്നതിന് അതിലെ ബാലികയെ ബലാൽസംഗം ചെയ്ത് കൊല്ലുകയെന്ന ഹീന കൃത്യത്തിലെത്തിയ വർഗീയത ഏത് മതക്കാരുടെ ഭാഗത്തുനിന്നായാലും അത് മതത്തിനും സംസ്‌കാരത്തിനും എതിരാണ് -രാമനുണ്ണി പറഞ്ഞു. ആസിഫ സംഭവത്തിൽ ഇന്ത്യയിലെ പൊതു സമൂഹം പ്രതികരിച്ചത് ആശാവഹമാണെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഇതിനെ മൃഗീയമെന്ന് വിശേഷിപ്പിക്കരുത്. കാരണം മൃഗങ്ങൾ ഇത് ചെയ്യില്ല. കുതിരയെ അന്വേഷിച്ചുപോയപ്പോഴാണ് പെൺകുട്ടിയെ കാപാലികർ തട്ടിക്കൊണ്ടുപോയത്. ഉത്തരേന്ത്യയിൽ ദളിത് പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത് അവർ വെളിക്കിറങ്ങുമ്പോഴാണ്. വീടുകളിൽ ശൗചാലയമില്ലെന്ന ദൈന്യാവസ്ഥ കൂടി അക്രമികൾ ഉപയോഗിക്കുന്നു -അദ്ദേഹം പറഞ്ഞു.
പിഞ്ചുകുഞ്ഞുങ്ങളോട് ഇത്തരം ക്രൂരത കാട്ടുന്നവർക്ക് വധശിക്ഷ വിധിക്കുന്ന നിയമം വേണമെന്ന് വനിതാ ലീഗ് ദേശീയ അധ്യക്ഷ അഡ്വ. നൂർബിന പറഞ്ഞു. ആസിഫക്ക് വേണ്ടി കേസ് വാദിക്കാൻ പോലും അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം അഭിഭാഷകർ രംഗത്തു വന്നപ്പോൾ ദീപിക സിംഗ് എന്ന അഭിഭാഷകയുടെ ധീരമായ നടപടിയാണ് കേസിൽ പുരോഗതിയുണ്ടാക്കിയത്. അവർ അഭിനന്ദനമർഹിക്കുന്നുവെന്ന് നൂർബിന പറഞ്ഞു.