Sorry, you need to enable JavaScript to visit this website.

മകനെ ഉമ്മ കാത്തിരുന്നത് 22 കൊല്ലം; മകനെത്തി മൂന്നാം ദിവസം ഉമ്മ യാത്രയായി 

റിയാദ്- എന്നെങ്കിലും എന്റെ മോൻ തിരിച്ചെത്തും; മോനെ കൺകുളിർക്കെ കാണണം; എന്റെ പ്രാർഥന അല്ലാഹു സ്വീകരിക്കും. മകനെയോർത്ത് കരഞ്ഞ കണ്ണുമായി രോഗശയ്യയിലായിരുന്ന ആ മാതാവിന്റെ പ്രാർഥനക്ക് ഫലം കണ്ടു. 22 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം തന്റെ ചാരത്തെത്തിയ മകനെ കൺകുളിർക്കെ കണ്ട് ആ മാതാവ് പരലോകം പുൽകി. നിയമക്കുരുക്കിൽ പെട്ട് ഒരുപാട് യാതനകളും പ്രയാസങ്ങളും അനുഭവിച്ച് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം ഹായിലിലെ മൂഖഖ് ഗ്രാമത്തിൽനിന്ന് നാട്ടിലെത്തിയ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മയാണ് ഇന്നലെ മരണപ്പെട്ടത്.
മകൻ ശരീഫ് നിയമക്കുരുക്കിൽ പെട്ട് തിരിച്ചുവരാൻ കഴിയാത്തതിൽ ഏറെ ദുഃഖിതയായിരുന്നു മാതാവ്. രണ്ട് പതിറ്റാണ്ടിലധികം കാലം തന്റെ മകന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആ മാതാവ് എന്നും പ്രാർഥനയിലായിരുന്നു. മരിക്കുന്നതിന് മുമ്പ് മകനെ കൺകുളിർക്കെ കാണാനും ആശ്ലേഷിക്കാനും. ഒടുവിൽ മകനെത്തി മൂന്നു ദിവസത്തിന് ശേഷം അവർ മരണത്തിന് കീഴടങ്ങി.
ആടുകളെ മേച്ചും കൃഷിസ്ഥലം നനച്ചും ടാക്‌സി ഓടിച്ചും വർക്ക്‌ഷോപ്പ് നടത്തിയുമൊക്കെ മൂഖഖ് ഗ്രാമത്തിൽ എല്ലാവർക്കും സുപരിചിതനായിരുന്നു ശരീഫ്. കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ച് ബാക്കി പാവങ്ങളെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു. ഈ അവസരം മുതലെടുത്ത് പലരും ഇദ്ദേഹത്തിന്റെയടുത്ത് നിന്ന്് പണം കടം വാങ്ങി മുങ്ങി. അതിനിടെ സ്‌പോൺസർ ഹുറൂബാക്കുകയും ചെയ്തു. ചെയ്ത ജോലികൾ പലതും തകർന്നു സാമ്പത്തിക തകർച്ച നേരിടുകയും ചെയ്തതോടെ ശരീഫ് ദുരിതക്കയത്തിലായി. നാട്ടിലേക്ക് പോകാൻ വർഷങ്ങളോളം ശ്രമം നടത്തിയെങ്കിലും പാസ്‌പോർട്ടിലെ പേര് മാറ്റവും ഹുറൂബും അതിന് തടസ്സമായി. പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങിയപ്പോൾ മാനസികമായി അദ്ദേഹം തളർന്നു.
ഇതിനിടെയാണ് ഹായിലിലെ ജീവകാരുണ്യപ്രവർത്തകനായ ചാൻസ് അബ്ദുറഹ്മാൻ ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഇടപെട്ടത്. നാട്ടിലെ കലക്ടറേറ്റിലും റിയാദിലെ ഇന്ത്യൻ എംബസിയിലും സൗദി ജവാസാത്തിലും നിരന്തരം കയറിയിറങ്ങി അദ്ദേഹത്തിന് പാസ്‌പോർട്ടും ഫൈനൽ എക്‌സിറ്റും സംഘടിപ്പിച്ചു രേഖകൾ ശരിയാക്കി നൽകി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം നാട്ടിലെത്തിയത്. ഉമ്മയും ഭാര്യയും മക്കളും സന്തോഷാശ്രു പൊഴിച്ചാണ് ശരീഫിനെ സ്വീകരിച്ചത്. മൂന്നു ദിവസം ഉമ്മയോടൊപ്പം ശരീഫ് കഴിഞ്ഞതിന് ശേഷം വ്യാഴാഴ്ചയാണ് ആ ഉമ്മ മരണമടഞ്ഞത്. കഴിഞ്ഞ 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ മകനെ കണ്ട ചാരിതാർഥ്യത്തിൽ ശരീഫിന്റെ ഭാര്യയുടെയും മക്കളുടെയും സഹോദരികളുടെയും സന്തോഷ നിമിഷങ്ങൾക്ക് സാക്ഷിയായി ഉമ്മ നാഥനിലേക്ക് മടങ്ങിയപ്പോൾ ശരീഫിനു കരച്ചിലടക്കാനായില്ല.

 


 

Latest News