കൊല്ലം- കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയോട് ഓഗസ്റ്റ് 3 ന് ഹാജരാകാന്‍ ഉത്തരവിട്ട് കൊല്ലം മുന്‍സിഫ് കോടതി. സോണിയ ഗാന്ധിയെക്കൂടാതെ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവരോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡി.സി.സി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നല്‍കിയ ഹരജിയിലാണ് മൂവര്‍ക്കും കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
കെ.പി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ കുണ്ടറ ബ്ലോക്കില്‍നിന്നുള്ള പ്രതിനിധിയെ കേസിന്റെ തീരുമാനം വരുന്നതുവരെ നിശ്ചയിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു പൃഥ്വിരാജ് ഉപഹരജിയും നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണു പൃഥ്വിരാജിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നല്‍കിയെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നു കാണിച്ചാണ് അഡ്വ. ബോറിസ് പോള്‍ മുഖേന പൃഥ്വിരാജ് മുന്‍സിഫ് കോടതിയെ സമീപിച്ചത്.