Sorry, you need to enable JavaScript to visit this website.

തീവ്രവാദിയുടെ പിതാവ് എന്നറിയപ്പെടാൻ ആഗ്രഹിക്കാത്ത ഗോപിനാഥ പിള്ളക്ക് നിയമ പോരാട്ടവഴിയിൽ അന്ത്യം 

ആലപ്പുഴ- മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും നരേന്ദ്ര മോഡി അധികാരത്തിന്റെ ഉന്നതങ്ങളിൽ വിലസുമ്പോഴും തെല്ലും ഭയമില്ലാതെയാണ് ഗോപിനാഥപിള്ള കേരളത്തിലെ കൊച്ചു ഗ്രാമമായ താമരക്കുളത്ത് നിന്നും ഗുജറാത്തിലേക്ക് വണ്ടി കയറിയിരുന്നത്. 
തന്റെ എതിരാളികൾ ബലവാന്മാരാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നിട്ടും തീവ്രവാദിയുടെ അച്ഛനെന്ന പേരുദോഷം പേറി നടക്കാനാവില്ലെന്ന ദൃഢനിശ്ചയമാണ് വാർധക്യത്തിലും അദ്ദേഹത്തെ നിയമ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. മകനെയും അവനെ സ്‌നേഹിച്ച പെൺകുട്ടിയെയും അവരുടെ മക്കളെയും ആരും തീവ്രവാദത്തിന്റെ കണ്ണുകളിലൂടെ നോക്കരുതെന്ന് ഗോപിനാഥ പിള്ളയ്ക്ക് നിർബന്ധമുണ്ടായിരുന്നു. മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിനിടെയാണ് താമരക്കുളം മണലാടിക്കൈതിൽ ഗോപിനാഥൻ പിള്ള (78) യാത്രയായത്. 
ഹൃദയ പരിശോധനയ്ക്കായുള്ള യാത്രയ്ക്കിടെ ചേർത്തല വയലാറിൽ വെച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 2004 ജൂൺ 14 ന് ഗുജറാത്തിൽ വെച്ച് തീവ്രവാദിയെന്നാരോപിച്ച് പോലീസ് വെടിവെച്ചു കൊന്ന നാലംഗ സംഘത്തിലെ മലയാളി പ്രാണേഷ് കുമാറിന്റെ(ജാവേദ് ഗുലാം ശൈഖ്) പിതാവാണ് ഗോപിനാഥൻ പിള്ള. ജാവേദും മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാനും രണ്ട് പാക്കിസ്ഥാനികളും അടങ്ങുന്ന സംഘം മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കർ തീവ്രവാദികളെന്നായിരുന്നു പോലീസ് ഭാഷ്യം. 
സംഭവത്തിന് രണ്ടാഴ്ച മുമ്പ് 2004 മെയ് 30ന് സ്വന്തം കാറിൽ ജാവേദും ഭാര്യ സാജിതയും കുട്ടികളും താമരക്കുളത്ത് എത്തിയിരുന്നു. ജാവേദും കുടുംബവും നാട്ടിൽ വന്ന അതേ കാറാണ് വെടിയേറ്റ് മരിച്ച സ്ഥലത്തുണ്ടായിരുന്നത്. പത്രങ്ങളിൽ വന്ന ചിത്രത്തിലെ കാറിന്റെ നമ്പർ കണ്ടായിരുന്നു കൊല്ലപ്പെട്ട മലയാളിയായ ജാവേദ് തന്റെ മകനാണെന്ന് ഗോപിനാഥപിള്ള തിരിച്ചറിഞ്ഞത്. മകൻ തീവ്രവാദി സംഘത്തിൽ പെട്ടെന്നും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നുമുള്ള വിവരം രാജ്യമെങ്ങും പ്രധാന വാർത്തയായി. മാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ ഗോപിനാഥപിള്ള ആദ്യമൊന്ന് പതറി. എങ്കിലും തന്റെ മകൻ ഒരിക്കലും രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടില്ലെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. 
സ്വന്തം സമുദായത്തിൽ നിന്ന് പോലും ഒറ്റപ്പെട്ട് വേദന കടിച്ചമർത്തിക്കഴിയാനായിരുന്നു വിധിയെങ്കിലും അധികം വൈകാതെ, വ്യാജ ഏറ്റുമുട്ടൽ കഥകൾ പുറത്ത് വന്നതോടെ, പിന്നെ മകന്റെ കൊലയാളികളെ കണ്ടെത്താനും വ്യാജ ഏറ്റുമുട്ടൽ നാടകം ആസൂത്രണം ചെയ്ത രാഷ്ട്രീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനുമുള്ള പോരാട്ടത്തിലായി ഗോപിനാഥ പിള്ള. 
മകന്റെ ഭാര്യക്കും മക്കൾക്കും തണലൊരുക്കാനും അവരെ സംരക്ഷിക്കാനും ആവുന്നതെല്ലാം ചെയ്ത ഗോപിനാഥ പിള്ളയുടെ അന്ത്യത്തിലും അവരുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നിരിക്കണം. മരുമകൾ സാജിദയും അവരുടെ മൂത്ത മകൻ സാജിദും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടലിലാണ് തന്റെ മകൻ ജാവേദും ഇസ്രത്ത് ജഹാനും കൊല്ലപ്പെട്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഗോപിനാഥ പിള്ള, ഇതിന്റെ എല്ലാ തെളിവുകളും ഇതിനകം മാലോകർക്ക് മുന്നിലെത്തിക്കാൻ ഏറെ പണിപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകരുടേതടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പേരുടെ സഹായവും ഗോപിനാഥ പിള്ളക്ക് ലഭിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ ആഭ്യന്തര മന്ത്രിയുമായിരുന്നു. 
ഇസ്രത്തിനെയുൾപ്പെടെ പോലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് ഗുജറാത്ത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എസ്.പി തമാംഗിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാണേഷിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇസ്രത്ത്. പ്രാണേഷും ഇസ്രത്തുമടക്കമുള്ള നാലുപേർ തീവ്രവാദികളായിരുന്നെങ്കിൽ പോലീസിന് ഇവരെ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് വധിക്കേണ്ട കാര്യമില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഗോപിനാഥപിള്ള ഈ കേസുമായി ബന്ധപ്പെട്ട് ഒന്നര പതിറ്റാണ്ടായി നിയമ പോരാട്ടത്തിലായിരുന്നു. അതിനിടെ, ഇസ്രത്ത് ജഹാൻ ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ചാവേറായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി രണ്ട് വർഷം മുമ്പ് ഡേവിഡ് കോൾമാൻ ഹെഡ്‌ലി രംഗത്തെത്തിയതോടെ ഇസ്രത്ത് കേസ് വീണ്ടും രാജ്യാന്തര തലത്തിൽ ചർച്ചയായി. അതേസമയം, പ്രാണേഷ്‌കുമാറിന് തീവ്രവാദ ബന്ധം ഉള്ളതായി ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിലുണ്ടായിരുന്നില്ലെങ്കിലും ഗോപിനാഥപിള്ള ഇതിനെതിരെയും രംഗത്തെത്തി. ഇത് ഹെഡ്‌ലിയെക്കൊണ്ട് പറയിപ്പിച്ചതാകാമെന്നും അദ്ദേഹം തുറന്നടിച്ചു. 
നരേന്ദ്ര മോഡിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പേരിൽ സ്വന്തം സമുദായ സംഘടനയിൽ നിന്ന് പോലും പുറത്താക്കപ്പെട്ടെങ്കിലും ഗോപിനാഥപിള്ള മകന്റെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പോരാട്ടത്തിലായിരുന്നു. പി.ഡി.പി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തിൽ പങ്കെടുത്ത് ഹിന്ദു സംഘടനകളെ ആക്ഷേപിച്ചെന്നു കാട്ടി പ്രദേശത്തെ ചില സംഘപരിവാര സംഘടനാ പ്രവർത്തകർ കരയോഗത്തിൽ പരാതി നൽകിയതിനെ തുടർന്ന് എൻ.എസ്.എസ് ഭാരവാഹികൾ ഗോപിനാഥ പിള്ളയോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നൽകാനുള്ള സമയം പോലും നൽകാതെ തിരക്കിട്ട് പൊതുയോഗം വിളിച്ചു ചേർത്ത് എൻ.എസ്.എസ് കൊട്ടക്കാട്ടുശ്ശേരി 1240-ാം നമ്പർ കരയോഗത്തിന്റെ ട്രഷറർ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ പുറത്താക്കുകയാണ് ഉണ്ടായത്.
14 വർഷത്തെ നിയമ പോരാട്ടം വിജയത്തിലേക്കടുക്കുമ്പോഴാണ് ഗോപിനാഥ പിള്ള യാത്രയായത്. 1991ലാണ് പ്രാണേഷ്‌കുമാർ പൂനെയിൽ ജോലിയുണ്ടായിരുന്ന ഗോപിനാഥ പിള്ളക്കൊപ്പം എത്തുന്നത്. ഇവിടെ വെച്ചാണ് അയൽക്കാരി സാജിതയുമായി പ്രാണേഷ് പ്രണയത്തിലാകുന്നത്. ഇതോടെ ഗോപിനാഥ പിള്ളയുമായി അകന്ന പ്രാണേഷ് ഇസ്‌ലാം മതം സ്വീകരിക്കുകയും ജാവേദ് ഗുലാം ശൈഖ് എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. പിന്നീട് 1997ൽ ജാവേദ് പിതാവിനെ കാണാൻ നാട്ടിലെത്തി. ഒപ്പം ഭാര്യ സാജിതയും മക്കളായ അബൂബക്കർ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവരുമുണ്ടായിരുന്നു. ജാവേദ് മരിച്ച ശേഷവും മരുമകളോടും മക്കളോടും അടുപ്പം പുലർത്തി. മൂന്ന് മാസം മുമ്പ് പൂനെയിൽ പോയി അവരോടൊപ്പം രണ്ടാഴ്ച താമസിച്ചിരുന്നു.

 

എ. മുഹമ്മദ് ഷാഫി
 

Latest News