Sorry, you need to enable JavaScript to visit this website.

റിയാദിൽ കെട്ടിടത്തിന് തീപ്പിടിച്ച് ഏഴു മരണം

റിയാദ് തുവൈഖ് ഡിസ്ട്രിക്ടിൽ അഗ്നിബാധയുണ്ടായ വിദേശ  തൊഴിലാളികളുടെ താമസ സ്ഥലം 

റിയാദ് - തുവൈഖ് ഡിസ്ട്രിക്ടിൽ കെട്ടിടത്തിന് തീപ്പിടിച്ച് ഏഴു വിദേശ തൊഴിലാളികൾ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുനില കെട്ടിടത്തിൽ അടിയിലെ നിലയിൽ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്താണ് തീ പടർന്നുപിടിച്ചതെന്ന് റിയാദ് സിവിൽ ഡിഫൻസ് വക്താവ് മേജർ മുഹമ്മദ് അൽഹമാദി പറഞ്ഞു. മരിച്ചവർ എല്ലാപേരും ബംഗ്ലാദേശ് സ്വദേശികളാണ്.
സിവിൽ ഡിഫൻസ് അധികൃതർ എത്തുമ്പോഴേക്കും ഇവിടെനിന്ന് കനത്ത പുക ഉയരാൻ തുടങ്ങിയിരുന്നു.  കെട്ടിടത്തിന്റെ മുൻവശത്താണ് തീ പടർന്നുപിടിച്ചത്. ഇതുമൂലം അകത്തു കുടുങ്ങിയവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സിവിൽ ഡിഫൻസ് അധികൃതരാണ് കെട്ടിടത്തിനകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിധിയിലധികം താമസക്കാർ ഇവിടെയുണ്ടായിരുന്നു. ഇവിടെ 54 പേർ താമസിക്കുന്നതായി കണ്ടെത്തി. സംഭവ സമയത്ത് 45 പേർ ഇവിടെയുണ്ടായിരുന്നു. 
പ്രധാന ഹാൾ കിടപ്പുമുറികളാക്കി മാറ്റിയതും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് മറ്റൊരു വഴിയില്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഉൾവശത്തെ മുറികളിലൊന്നിന് വഴിയുണ്ടായിരുന്നില്ല. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഈ മുറിയിലെ താമസക്കാരാണ്. 
അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. മരണപ്പെട്ടവരും പരിക്കേറ്റവരും ഏതെല്ലാം രാജ്യക്കാരാണെന്ന കാര്യം അധികൃതർ പുറത്തു വിട്ടിട്ടില്ല. 
 

Latest News