Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്; ബി. ജെ. പി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ തൃശൂരിലെ ബി. ജെ. പി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു. ഉല്ലാസിനെ കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തിയാണ് ക്രൈംബ്രാഞ്ച് ശബ്ദരേഖ എടുത്തത്.

നടന്‍ ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉല്ലാസ് ബാബുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത സന്ദേശം ക്രൈംബ്രാഞ്ച് വീണ്ടെടുക്കുകയായിരുന്നു. ഉല്ലാസ് ദിലീപിന് അയച്ച സന്ദേശമാണെന്നാണ് നിഗമനം.
 
ബി. ജെ. പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവുമായ അഡ്വ. ഉല്ലാസ് ബാബു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബി. ജെ. പി സ്ഥാനാര്‍ഥിയായിരുന്നു. 

കേസ് കൈമാറിയ കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉല്ലാസ് ബാബു പറയുന്നതും ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

നേരത്തേയും ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചിരുന്നെങ്കിലും കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഓഡിയോ സന്ദേശത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.

തൃശൂര്‍ വാലപ്പാട് സ്വദേശിയായ ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും സുഹൃത്താണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പറഞ്ഞിരുന്നു. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തിരുന്നു.

Latest News