Sorry, you need to enable JavaScript to visit this website.

വഖഫ് നിയമനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം, സമസ്ത

കോഴിക്കോട് - വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ച് വഖഫ് നിയമന വിഷയത്തില്‍ നിയമ ഭേദഗതി നടത്താനുള്ള  സര്‍ക്കാര്‍ തീരുമാനം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വാഗതം ചെയ്തു.
വഖഫ് ബോര്‍ഡിലെ വിവിധ തസ്തികകളില്‍ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും പി.എസ്.സിക്ക് വിടുമ്പോള്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിലും മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനപ്പെട്ട  വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം:  സ്വാഗതാര്‍ഹം -സമസ്ത

കോഴിക്കോട് - വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സി ക്ക് വിട്ട നടപടി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സ്വാഗതം ചെയ്തു. സര്‍ക്കാര്‍ സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിച്ചതില്‍ നന്ദിയുണ്ടെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി ക്ക് വിട്ട നടപടി പിന്‍വലിക്കണമെന്ന്  സമസ്ത മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുസ്്‌ലിം സംഘടനകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ലെന്നും മുസ്്‌ലിം സംഘടന നേതാക്കളെ വിളിച്ചു ചര്‍ച്ച ചെയ്തു വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും സമസ്ത പ്രസിഡന്റിനു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 ഏപ്രില്‍ 20 ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചര്‍ച്ചയില്‍ മുസ്്‌ലിം സംഘടനകളോട് നല്‍കിയ ഉറപ്പും സമസ്തക്ക് നേരത്തെ നല്‍കിയ ഉറപ്പും പാലിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം തുടര്‍നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Latest News