ആലപ്പുഴ- സ്‌കൂട്ടറില്‍ വന്ന ഭാര്യയെയും സുഹൃത്തായ സ്ത്രീയെയും തടഞ്ഞുനിര്‍ത്തി മോശമായി പെരുമാറിയെന്നും ഭാര്യയോട് തട്ടിക്കയറിയെന്നുമാരോപിച്ച് ആലപ്പുഴ നോര്‍ത്ത് എസ്.ഐ മനോജിനെതിരേ ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജി എം.കെ. വിനോദ്കുമാര്‍ ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന് പരാതി നല്‍കി.
ആലപ്പുഴ കോമളപുരം റോഡ്മുക്കിലാണ് ഡി. ഐ.ജി യുടെ വീട്. ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ ഗുരുപുരം ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. 80 വയസുള്ള അമ്മയ്ക്ക് മരുന്ന് വാങ്ങുന്നതിനായി തന്റെ ഭാര്യ ഹസീന സ്‌കൂട്ടറില്‍ ആലപ്പുഴ സഹൃദയ ആശുപത്രിയിലേക്ക് വരുമ്പോള്‍ ആലപ്പുഴ നോര്‍ത്ത് എസ്.ഐ മനോജും സംഘവും വാഹന പരിശോധന നടത്തുകയായിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. ഈ സമയം വാഹനത്തില്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. അമ്മക്ക് മരുന്ന് വാങ്ങാനാണ് ഇരുവരും സ്‌കൂട്ടറില്‍ വന്നതെന്ന് പറഞ്ഞു. ഭര്‍ത്താവ് ജയില്‍ വകുപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജിയാണെന്നും ഭര്‍ത്താവ് ശനിയാഴ്ച എത്തുമെന്നും അപ്പോള്‍ രേഖകള്‍ സ്‌റ്റേഷനില്‍ ഹാജരാക്കാമെന്നും അറിയിച്ചു.
ഇത് ഉള്‍ക്കൊള്ളാതെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് എസ്.ഐ ഭാര്യയോട് തട്ടികയറുകയും പൊതു ജനങ്ങളുടെ മുന്നില്‍ വച്ച് സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അവഹേളിച്ചതായും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനോട് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ആരോടും സംസാരിക്കാനില്ലെന്നും എസ്.ഐ നിലപാട് എടുത്തു.
ഇതിനിടെ ഇ-മെയിലില്‍ ലഭിച്ച പരാതിയെ കുറിച്ച് അന്വേഷിച്ചുവരുന്നതായി എസ്.പിയുടെ ഓഫീസ് അറിയിച്ചു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് എസ്.ഐയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് ഡി.ഐ.ജിയുടെ ഭാര്യ നടത്തിയത്. വാഹനത്തിന്റെ രേഖകള്‍ ഇപ്പോള്‍ കൈവശം ഇല്ലെങ്കില്‍ പിന്നീട് ആര്‍.സി ഉടമ സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിക്കുകയുമാണുണ്ടായതെന്നും എസ്.ഐ മനോജ് പറയുന്നു.