കണ്ണൂര്‍ - കണ്ണൂരില്‍ വാനര വസൂരി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കണ്ണൂരിലെത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയ സംഘം രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു. എന്‍.എസ്.ഡി.സി ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, എം.ഒ.എച്ച്.എഫ്.ഡബ്ല്യു അഡൈ്വസര്‍ ഡോ. പി. രവീന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിന്‍ എന്നിവരാണ് കണ്ണൂരിലെത്തിയത്.
ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തിയ സംഘം, ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുമായി കലക്ടറേറ്റില്‍ ചര്‍ച്ച നടത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിയ സംഘം ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി. രോഗിക്ക് നല്‍കിയ ചികിത്സകള്‍ പരിചരണ രീതികള്‍, സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങിയവ സംബന്ധിച്ച് സംഘം വിവരങ്ങളാരാഞ്ഞു. സംഘാംഗങ്ങളിലൊരാള്‍ രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടന്റ് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡി കെ മനോജ്, കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വി.കെ പ്രമോദ്, ആര്‍.എം.ഒ ഡോ. എസ്.എം.സരിന്‍, പ്രിന്‍സിപ്പല്‍ ചുമതലയുള്ള ഡോ. എസ്. അജിത് എന്നിവര്‍ സംബന്ധിച്ചു.