കൊല്ലം- ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ നിരാഹാര സമരം നടത്തി. രാവിലെ ചടയമംഗലം പോലീസ് സ്‌റ്റേഷന് മുന്‍പിലായിരുന്നു സമരം. നിരപരാധികളെ പ്രതിയാക്കിയെന്ന് സമരക്കാര്‍ ആരോപിച്ചു.
യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നെന്നും ഇവര്‍ ആക്ഷേപമുന്നയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികള്‍ മാര്‍ത്തോമ കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ്. മൂന്ന്, നാല്, അഞ്ച് പ്രതികള്‍ ഏജന്‍സിയിലെ ജീവനക്കാരുമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. ഈ സമയത്ത് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ എം.സി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.