റിയാദ് - കാൻസറിന് കാരണമാകുന്ന രാസപദാർഥം അടങ്ങിയ ഐസ്‌ക്രീം സൗദി വിപണിയിൽ പ്രവേശിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. നെസ്‌ല കമ്പനി ഉൽപാദിപ്പിച്ച് സ്‌പെയിൻ വിപണിയിൽ പുറത്തിറക്കിയ ഐസ്‌ക്രീമിൽ ആണ് ക്യാൻസറിന് കാരണമാകുന്ന ഈഥിലീൻ ഓക്‌സൈഡ് കണ്ടെത്തിയത്. നെസ്‌ലയുടെ 46 ട്രേഡ്മാർക്കുകളിലുള്ള ഐസ്‌ക്രീമിൽ ഈ രാസപദാർഥം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇവ സ്പാനിഷ് വിപണിയിൽ നിന്ന് കമ്പനി പിൻവലിച്ചു.
ഉൽപന്നങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ നിരന്തരം നിരീക്ഷിക്കുന്നതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഈഥിലീൻ ഓക്‌സൈഡ് അടങ്ങിയ നെസ്‌ല കമ്പനി ഐസ്‌ക്രീം സൗദി വിപണിയിൽ പ്രവേശിച്ചിട്ടില്ല. ഇവ പ്രദേശിക വിപണിയിൽ പ്രവേശിക്കാതെ നോക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.